വിശ്വാസത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍

Jaihind Webdesk
Thursday, February 14, 2019

Sabarimala

യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല എന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ എൻ.എസ്.എസ് നൽകിയ പുനഃപരിശോധനാ ഹർജിയിൽ എഴുതി നൽകിയിരിക്കുന്ന മറുപടിയിൽ ആണ് സർക്കാർ നിലപാട് വിശദീകരിച്ചിരിക്കുന്നത്. യുവതികൾ എത്തിയാൽ അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്ന് സർക്കാർ വിശദീകരിക്കുന്നു.

പത്ത് വയസ് ഉള്ള പെൺകുട്ടി പോലും അയ്യപ്പന്‍റെ ബ്രഹ്മചര്യത്തെ ബാധിക്കും എന്ന വാദം അംഗീകരിക്കാൻ ആകില്ല. 2007 വരെ 35 വയസ്സ് കഴിഞ്ഞ യുവതികൾക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാം ആയിരുന്നു. 2007 ലാണ് ഇത് 60 വയസായി ഉയർത്തിയതെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു. സീനിയർ അഭിഭാഷകൻ വിജയ് ഹൻസാരിയ ആണ് സർക്കാരിന്‍റെ നിലപാട് എഴുതി നൽകിയത്. 35 വയസ് ഉള്ള യുവതിക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം ആകാം എങ്കിൽ ശബരിമലയിൽ പ്രവേശിക്കുകയും ചെയ്യാം എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. തന്ത്രി കണ്ഠരര് രാജീവര് നൽകിയ പുനഃപരിശോധന ഹർജിയിൽ പ്രത്യേക സബ്മിഷൻ സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത എഴുതി നൽകി.

യുവതികളെ ക്ഷേത്രങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് അയ്യപ്പ ആരാധനയുടെ അനുപേക്ഷണീയമായ ആചാരത്തിന്‍റെ ഭാഗം അല്ല എന്ന് സർക്കാർ തന്ത്രിക്ക് മറുപടി നൽകുന്നു. നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങളിൽ യുവതികൾക്ക് പ്രവേശിക്കാം. യുവതികൾക്ക് വിലക്ക് ഉള്ളത് ശബരിമലയിൽ മാത്രമാണ്. ശബരിമലയിലെ യുവതീ പ്രവേശനം വിലക്കുന്നത് ആചാരപരമായ സമ്പ്രദായം ആണെന്ന അഭിഭാഷകൻ വെങ്കിട്ട രാമന്‍റെ വാദം തെറ്റാണെന്ന് പറയുന്ന സർക്കാർ ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നൽകുന്നില്ല എന്ന് വ്യക്തമാക്കുന്നു. പ്രാഥമികമായ വാദങ്ങളാണിതെന്നും റിവ്യൂ പെറ്റീഷനുകൾ അംഗീകരിച്ചാൽ വിശദമായ വാദം ഉന്നയിക്കാൻ അധികാരം ഉണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.