ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള ഗൂഢ ലക്ഷ്യമാണ് ആർ.എസ്.എസിന്‍റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ ആർ.എസ്.എസും ബി.ജെ.പിയും സി.പി.എമ്മും കള്ളക്കളി കളിക്കുകയാണ്. ശബരിമലയെ കലാപഭൂമിയാക്കാൻ ആരും ശ്രമിക്കേണ്ട. കോടിയേരിയുടെ കാല് വിറയ്ക്കുന്നു എന്നതിന്‍റെ സൂചനയാണ് പാര്‍ട്ടി പത്രത്തില്‍ ഇന്നത്തെ അദ്ദേഹത്തിന്‍റെ ലേഖനമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്‍റേത് കുറ്റകരമായ അനാസ്ഥയാണ്. സുപ്രീം കോടതിയില്‍ വസ്തുതകൾ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പക്വതയോടെ വിഷയത്തെ കാണാന്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഏതൊരു മത വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിൽ അമ്പലത്തിലോ, പള്ളിയിലോ പോകുന്നതിന് യു.ഡി.എഫ് എതിരല്ല. ശബരിമലയിൽ പോകണമെന്ന് സ്ത്രീകൾ പോലും പറയുന്നില്ല. ശബരിമലയിൽ സ്ത്രീ പ്രവേശനം ആരും വിലക്കിയിട്ടില്ല. ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ശബരിമലയിൽ 10നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ കയറരുത് എന്ന് പറഞ്ഞിട്ടുള്ളത്. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ ഭരണഘടയ്ക്ക് എതിരല്ല. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളും ആചാര അനുഷ്ഠാനങ്ങളും ഭരണഘടന സംരക്ഷിക്കേണ്ടതുണ്ട്.
ശബരിമല വിഷയത്തില്‍ പത്തനംതിട്ട ഡി.സി.സി സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.