ശബരിമലയില്‍ ഇന്ന് മകരവിളക്ക് ; പൊലീസ് സുരക്ഷ ശക്തമാക്കി

Jaihind Webdesk
Monday, January 14, 2019

ശബരിമല : മകരവിളക്കിനും സംക്രമ പൂജയ്ക്കും ഉള്ള ഒരുക്കങ്ങള്‍ സന്നിധാനത്ത് പൂര്‍ത്തിയായി. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവന്ന നെയ്‌ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ ശരംകുത്തിയില്‍ എത്തിച്ചേരും. ദേവസ്വം അധികൃതര്‍ ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും.

തുടര്‍ന്ന് ദീപാരാധയ്ക്ക് തൊട്ടു മുന്‍പായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിയുക. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കി. എഡിജിപി അനന്തകൃഷ്ണനും ജില്ലാ കളക്ടര്‍ പി.ബി നൂഹും പമ്പയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ഹില്‍ടോപ്പില്‍ നിയന്ത്രണം ഉള്ളതിനാല്‍ പമ്പയിലെ വിവിധയിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിന് പരമാവധി സൗകര്യം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. പമ്പയില്‍ 40,000 ത്തോളം പേര്‍ മകരജ്യോതി ദര്‍ശനത്തിന് എത്തുമെന്നാണ് പൊലീസിന്റെ കണക്ക്.