മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

Jaihind News Bureau
Monday, December 30, 2019

sabarimala

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും.  ജനുവരി 15നാണ് മകരവിളക്ക് മഹോത്സവം. എരുമേലി പേട്ട തുള്ളൽ 12 ന് നടക്കും.

വൈകിട്ട് അഞ്ചിന് നട തുറക്കുന്നതോടെ മകരവിളക്ക് ഉത്സവത്തിന് തുടക്കമാക്കും. മേൽശാന്തി ശ്രീധരൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങൾ തെളിയിക്കും. പിന്നീട് പതിനെട്ടാം പടിയിറങ്ങി അഴി തെളിയിക്കും. ഇതിനു ശേഷമാണ് തീർത്ഥാടകരെ പടി കയറാൻ അനുവദിക്കുക. നാളെ പുലർച്ചെ 3.30 മുതൽ നെയ്യഭിഷേകം ആരംഭിക്കും. ജനു. 15 ന് ആണ് മകര വിളക്കും മകരജ്യോതി ദർശനവും. അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്‍റെ എരുമേലി പേട്ടതുള്ളൽ 12 ന് നടക്കും. തിരുവാഭരണ ഘോഷയാത്ര അന്നു തന്നെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.

തീർത്ഥാടന കാലത്തെ നെയ്യഭിഷേകം 19ന് രാവിലെ 10 മണി വരെ മാത്രം. 20 ന് രാത്രി ദിപാരാധന വരെയാണ് തീർത്ഥാടകർക്ക് ദർശന സൗകര്യമുള്ളത്.  21ന് രാവിലെ 7 ന് തീർത്ഥാടനത്തിന് സമാപനം കുറിച്ച് നടയടയ്ക്കും. അതേ സമയം മകരവിളക്ക് മഹോത്സവത്തിന് ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൂർത്തിയായി. ഈ തീർത്ഥാടന വേളയിൽ ശബരിമലയിൽ സുരക്ഷയും ദുരന്തനിവാരണവും ഉറപ്പാക്കാൻ ജില്ലാ കളക്ടർ ചെയർമാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, എൻ ഡി ആർ എഫ്, ആർ എ എഫ് തുടങ്ങി സേനാവിഭാഗങ്ങളും ഫോറസ്റ്റ്, ഹെൽത്ത് വകുപ്പുകളും അയ്യപ്പ സേവ സംഘം, വിശുദ്ധിസേനയും എന്നിവയും രംഗത്തുണ്ട്.