ബിന്ദുവും കനകദുര്‍ഗയും സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് അറിയില്ല: നിരീക്ഷക സമിതി

Wednesday, January 16, 2019

കൊച്ചി: ശബരിമല സന്നിധാനത്ത് യുവതികള്‍ എങ്ങനെ എത്തിയെന്ന് അറിയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെ ബിന്ദുവിനെയും കനകദുര്‍ഗയെയും കടത്തിവിട്ടത് എങ്ങനെയെന്ന് അറിയില്ല. അജ്ഞാതരായ അഞ്ചുപേര്‍ക്കൊപ്പമാണ് സ്ത്രീകള്‍ സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിലേക്ക് ആരെയും നേരിട്ട് കടത്തിവിടാറില്ല. ദേവസ്വം ജീവനക്കാരെയും വി.ഐ.പികളേയും മാത്രമേ ഈ ഗേറ്റിലൂടെ കടത്തിവിടാറുള്ളൂ.

ശബരിമല പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമമുണ്ടായതായും നിരീക്ഷക സമിതി ഹൈക്കോടതിയില്‍ അറിയിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിച്ചെങ്കിലും എത്തിയില്ല എന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം പന്തളത്ത് തുടരണം എന്ന് ഡിജിപി നിര്‍ദേശിച്ചതിനാലാണ് ആവശ്യപ്പെട്ടപ്പോള്‍ എത്താന്‍ സാധിക്കാതിരുന്നത് എന്ന് പത്തനംതിട്ട എസ്പി കോടതിയില്‍ വിശദീകരിച്ചു.

ഇതിനിടെ, ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ വെളിപ്പെടുത്തി. സന്നിധാനത്തു ശുദ്ധിക്രിയ നടത്തിയതു സ്ത്രീപ്രവേശം നടന്നതുകൊണ്ടല്ലെന്നും ഇക്കാര്യം തന്ത്രി തന്നോടു നേരിട്ടു പറഞ്ഞെന്നും അജയ് തറയില്‍ മനോരമ ന്യൂസിനോടു പറഞ്ഞു. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയെന്നു പ്രചരിപ്പിച്ചതു സര്‍ക്കാരാണ്. അതിനു വ്യാജ തെളിവുകള്‍ ഉണ്ടാക്കി. സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം ബോധ്യപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാരും യുവതികളും പറയുന്നതു പച്ചക്കള്ളമാണ്. സന്നിധാനത്തു തന്ത്രി ശുദ്ധിക്രിയ നടത്തിയതു യുവതീപ്രവേശം കാരണമല്ലെന്നും അജയ് തറയില്‍ പറഞ്ഞു.