തിരുവനന്തപുരം/കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രംഗത്ത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ തിരുവനന്തപുരം കരകുളത്തെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തി. ഇതിനൊപ്പം, എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പന്തംകൊളുത്തി പ്രകടനവും നടന്നു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.
നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ചാണ്ടി ഉമ്മന്‍ എം.എല്‍.എ. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. ‘സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഒത്താശയിലാണ് ശബരിമലയെ കട്ടുമുടിക്കുന്നത്. ക്ഷേത്രവിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നത്,’ ചാണ്ടി ഉമ്മന്‍ ആരോപിച്ചു. ശബരിമലയെ കട്ടുമുടിക്കുന്ന സര്‍ക്കാരിനും വിശ്വാസികളെ വഞ്ചിക്കുന്ന ദേവസ്വം ബോര്‍ഡിനുമെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സ്വര്‍ണ്ണക്കൊള്ളക്കെതിരെ എറണാകുളത്തും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. എറണാകുളം ഡി.സി.സി.യുടെ നേതൃത്വത്തില്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
‘ഭക്തരെ ദ്രോഹിച്ച കൈകള്‍ ഇപ്പോള്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണവും മോഷ്ടിച്ചിരിക്കുന്നു. അമ്പലം വിഴുങ്ങികളായ പിണറായി സര്‍ക്കാരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ഉടന്‍ രാജിവെക്കണം. ശബരിമലയുടെ വിശുദ്ധി തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍,’ മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.