
ശബരിമല സ്വര്‍ണക്കൊള്ള കേസ് അതീവ ഗുരുതരമായ വിഷയമായി കണക്കാക്കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഹര്‍ജി ഹൈക്കോടതിയിലെ ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് പരിഗണിച്ചത്. പത്മകുമാറിനെതിരെയുള്ള രണ്ട് കേസുകളില്‍ ഒന്നിലാണ് നിലവില്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ വിജിലന്‍സ് കോടതി ജാമ്യം നിഷേധിച്ചിരുന്നുവെന്നും, ആ ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീല്‍ സമര്‍പ്പിച്ചതെന്നും കോടതിയില്‍ വ്യക്തമാക്കി.
ഹര്‍ജി പരിഗണിച്ച വേളയില്‍ തന്നെ, ഇത് അടിയന്തിരമായി തീരുമാനമെടുക്കാന്‍ കഴിയുന്ന കേസല്ലെന്നും, വിശദമായ വാദം കേള്‍ക്കേണ്ട സാഹചര്യമുണ്ടെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ വ്യക്തമാക്കി. അന്വേഷണത്തിന്റെ സ്വഭാവവും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുത്ത്, വിഷയത്തില്‍ സമഗ്രമായ പരിഗണന ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനുശേഷമാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചത്.