
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിയന്ത്രിച്ച “വൻതോക്കുകളുടെ” പങ്ക് അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിർണായകമായ പരാമർശമുള്ളത്. കേസിലെ നാലും ആറും പ്രതികളായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
സ്വർണ്ണക്കൊള്ള കേസിൽ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എങ്കിലും, കൊള്ളയ്ക്ക് പിന്നിലെ വൻ ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമലയുടെ ഭരണനിർവ്വഹണം നടത്തുന്ന ചില ഉന്നതരുടെ പങ്കില്ലാതെ, ഔദ്യോഗിക പദവിയില്ലാത്ത ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സന്നിധാനത്ത് അനിയന്ത്രിതമായ സ്വാധീനവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളും ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട ഉന്നത പദവിയിലിരിക്കുന്നവരും ചേർന്നുള്ള ഗൂഢാലോചന നടന്നു എന്നതിന് പ്രോസിക്യൂഷൻ രേഖകളിൽനിന്നും വ്യക്തമായ സൂചന ലഭിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു.
ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും, പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രഥമദൃഷ്ട്യാ ഹർജിക്കാർ ഇരുവരുടെയും (എസ്. ജയശ്രീ, എസ്. ശ്രീകുമാർ) പങ്ക് ഈ കേസിൽ വ്യക്തമാണ്. അതിനാൽ ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇരുവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങണം. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയതിനാൽ ആവശ്യമെങ്കിൽ ഇവർക്ക് ചികിത്സ ഉറപ്പാക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.