ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിന്റെയും ഗോവര്‍ദ്ധന്റെയും ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind News Bureau
Tuesday, January 6, 2026

 

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍ എന്നിവര്‍ നല്‍കിയ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയും ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ പരിഗണനയ്ക്ക് വരും.

ഭരണപരമായ ചുമതലകള്‍ മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും ജീവനക്കാരെ നിയന്ത്രിക്കുക എന്നതിലപ്പുറം സ്വര്‍ണ ഇടപാടുകളില്‍ വ്യക്തിപരമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം കോടതിയില്‍ വാദിക്കുന്നു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ അദ്ദേഹം പൂര്‍ണ്ണമായും നിഷേധിച്ചു.
താന്‍ നിരപരാധിയാണെന്നും ശബരിമലയിലെ വലിയൊരു ഭക്തനാണെന്നുമാണ് ഗോവര്‍ദ്ധന്റെ വാദം. ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് ലഭിച്ച സ്വര്‍ണം ശബരിമലയിലേതാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തന്നെ പത്ത് ലക്ഷം രൂപയും പത്ത് പവന്‍ മാലയും തിരികെ നല്‍കിയിട്ടുണ്ടെന്നും, കോടികള്‍ ക്ഷേത്രത്തിന് നല്‍കിയിട്ടുള്ള താന്‍ തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ഇയാള്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന് ആറാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. ഈ മാസം 19-ന് എസ്.ഐ.ടി അടുത്ത ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണ സംഘത്തിലേക്ക് രാഷ്ട്രീയ ബന്ധമില്ലാത്ത പുതിയ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്താന്‍ കോടതി അനുമതി നല്‍കി. നിലവിലെ പ്രതികള്‍ക്ക് പുറമെ, പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന കാലത്തെ ഭരണസമിതിക്കെതിരെയും അന്വേഷണം നീളുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. 2025 സെപ്റ്റംബറില്‍ ദ്വാരപാലക വിഗ്രഹങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട നാല് ഘട്ടങ്ങളായുള്ള അന്വേഷണത്തില്‍ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ഇന്നലെ നിരീക്ഷിച്ചു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നിര്‍ഭയമായി അന്വേഷണം തുടരണമെന്നും കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.