മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും

Jaihind Webdesk
Friday, November 16, 2018

യുവതീ പ്രവേശന വിവാദങ്ങൾക്കിടയിൽ മണ്ഡകാല തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും ഇന്ന് നടക്കും.

മണ്ഡലകാല വിശുദ്ധിയിൽ പൊന്നമ്പല നട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നിലവിലെ മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുന്നത്. തുടര്‍ന്ന് വരിക്കാശേരി മനയിൽ വി.എൻ വാസുദേവൻ നമ്പൂതിരി സന്നിധാനത്തും, ഇരവല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേൽക്കും.

https://www.youtube.com/watch?v=alcmZG2zdJs

തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ കലശം പൂജിച്ച് അഭിഷേകം ചെയ്ത ശേഷം ശ്രീകോവിലിനുള്ളിൽ കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞു കൊടുക്കും. വൃശ്ചിക പുലരിയായ നാളെ പുതിയ മേൽശാന്തിമാർ നട തുറന്ന് ഈ വർഷത്തെ മണ്ഡലപൂജകൾ ആരംഭിക്കും. ഡിസംബർ 27 ന് തങ്കയങ്കി ചാർത്തി മണ്ഡല പൂജകൾ നടക്കുന്നതോടെ ഈ വർഷത്തെ മണ്ഡല പൂജകൾ സമാപിക്കും.

തുടർന്ന് മകരസംക്രമ ഉത്സവത്തിനായി 30 ന് നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. തുടർന്ന് ജനുവരി 18 ന് പള്ളിവേട്ടയും 19 ന് ഗുരുതിയും നടക്കും 20 ന് രാവിലെ 7 ന് മകര സംക്രമ പൂജകൾ പൂർത്തിയാക്കി ശബരിമല നട അടയ്ക്കും.