നിത്യചെലവിന് മറ്റ് മാർഗങ്ങൾ തേടി ഡോളി തൊഴിലാളികൾ

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല നടന്നു കയറാൻ കഴിയാത്തവർക്കുള്ള ഏക ആശ്രയമാണ് ഡോളി. എന്നാൽ തീർത്ഥാടകർ കുറഞ്ഞതോടെ നിത്യചെലവിന് മറ്റ് മാർഗങ്ങൾ തേടേണ്ട ഗതികേടിലാണ് മനുഷ്യവണ്ടി തൊഴിലാളികൾ.

ദർശനത്തിനെത്തുന്ന ശാരീരിക അവശത നേരിടുന്ന ഭക്തരെ കാനനപാതയിലൂടെ തോളിലേറ്റി സന്നിധാനത്തെത്തിക്കുന്നതിന് ലഭിക്കുന്ന കൂലികൊണ്ടാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. ഒരുപാട് പ്രതീക്ഷകളോടെ ഈ മണ്ഡലക്കാലത്തെ വരവേറ്റ ഡോളിതൊഴിലാളികൾക്ക് പക്ഷെ ഈ മണ്ഡലകാലം നല്കിയത് ദുരിതം മാത്രമാണ്. തീർത്ഥാടകർ കുറഞ്ഞതോടെ ഡോളിയ്ക്കും ആവശ്യക്കാരില്ലാതെയായി. ഇതോടെ ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ വരുമാനം കഴിഞ്ഞ വർഷത്തെക്കാൾ നാലിലൊന്നായി ചുരുങ്ങി.ഈ മണ്ഡലക്കാലം ഇങ്ങനെ പോയാൽ നിത്യചെലവിന് മറ്റ് മാർഗങ്ങൾ തേടേണ്ട ഗതികേടിലാണ് ശബരിമലയിലെ ഡോളി തൊഴിലാളികൾ.

400 ലധികം ഡോളികളാണ് മണ്ഡലക്കാലത്ത് പമ്പയിൽ പ്രവർത്തിക്കുന്നത്. ഏകദേശം പതിനാറായിരത്തോളം ജീവനക്കാരാണ് ഡോളി ചുമന്ന് ഉപജീവനം നടത്തുന്നത്. ഡോളി യാത്രയ്ക്ക് ഒരു വശത്തേക്ക് 2000 രൂപയും ഇരുവശത്തേക്കും 4400 രൂപയുമാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ളത്. ഡോളി ചുമക്കുന്ന ഒരാൾക്ക് ശരാശരി 500 മുതൽ 2000 രൂപ ദിവസേന ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ വരുമാനം നാലിലൊന്നായ ചുരുങ്ങി. ഈ മണ്ഡലക്കാലത്ത് ഇതുവരെ മുന്നൂറോളം ആവശ്യക്കാർ മാത്രമാണ് എത്തിയത്. ഒരു ദിവസം 100 മുതൽ 120 ആവശ്യക്കാർ വരെ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇത് എന്നതു കൂടി മനസ്സിലാക്കുമ്പോഴാണ് ഡോളി തൊഴിലാളികളുടെ ദുരിതത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത്.

ശബരിമലയോട് ചേർന്നു കിടക്കുന്ന അട്ടത്തോട്, ളാഹ പ്രദേശങ്ങളിലെ ആദിവാസികളുടെയും മറ്റ് സാധാരണ ജനവിഭാഗങ്ങളുടെയും പ്രധാന വരുമാന മാർഗം ഇതാണ്. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ ഇനി എന്തെന്ന് ചോദ്യമാണ് ഇവർക്കു മുന്നിലുള്ളത്. പ്രളയം വിതച്ച ദുരന്തത്തിന് പിന്നാലെ ഈ വരുമാന മാർഗ്ഗവും ഇല്ലാതാകുന്നതോടെ ജീവിതം ഇവർക്ക് മുന്നിൽ വലിയൊരു പ്രതിസന്ധിയാവുകയാണ്.

https://youtu.be/24o8RHjHzTI

SabarimalaDolley workers
Comments (0)
Add Comment