ശബരിമല വിധി ഗുരുതര ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് ഇടയാക്കി; ദേവസ്വംബോർഡ് സുപ്രീം കോടതിയില്‍

Jaihind Webdesk
Tuesday, November 20, 2018

ശബരിമല വിധി ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കിയതായി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച സാവകാശ ഹർജിയിൽ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് ബോർഡ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ശബരിമലയ്ക്ക് ചുറ്റും തന്നെ പ്രശ്നങ്ങൾ ഉണ്ടായി. ചില വ്യക്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ശക്തമായ പ്രതികരണത്തിന് ഇടയാക്കിയെന്നും ബോർഡ് ഹർജിയിൽ പറയുന്നു. ചിത്തിര ആട്ട സമയത്തും തുലാമാസത്തിലും നട തുറന്നപ്പോൾ ദർശനത്തിന് എത്തിയ യുവതികൾക്ക് പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടി വന്നു. ആയിരത്തോളം യുവതികൾ ഈ സീസണിൽ ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സാവകാശ ഹർജിയിൽ ദേവസ്വം ബോർഡ് വ്യക്തമാക്കുന്നുണ്ട്. ദർശനത്തിനായി എത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. നിലവിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ആകില്ലെന്നും ബോർഡ് പറയുന്നു.

അസാധാരണമായ സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീർഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആകാത്തതും ഈ സാഹചര്യങ്ങളും പരിഗണിച്ച് വിധി നടപ്പാക്കാൻ സാവകാശം അനുവദിച്ച് ഉത്തരവ് ഇറക്കണമെന്നാണ് ദേവസ്വം ബോർഡ് ആവശ്യപ്പെടുന്നത്. അതേ സമയം വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ അതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ബോർഡ് കോടതിയെ ബോധ്യപ്പെടുത്തുന്നു.