ശബരിമല: കോടതി നടപടികള്‍ അവസാനിച്ചു; ഉത്തരവ് പറയാന്‍ മാറ്റി

Jaihind Webdesk
Wednesday, February 6, 2019

Sabarimala-Supreme-Court

ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ ഹരജികളിലും വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചു. എഴുതി തയ്യാറാക്കിയ വാദങ്ങള്‍ 7 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ അഭിഭാഷകര്‍ക്ക് കോടതി നിര്‍ദേശം. ഇന്ന് വാദിക്കാന്‍ അനുവദിക്കാന്‍ ആകാത്തവര്‍ക്കാണ് എഴുതി നല്‍കാന്‍ അവസരം നല്‍കിയത്. ഇതോടെ കുംഭമാസ പൂജയ്ക്ക് മുമ്പ് വിധി ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പുനഃപരിശോധനാ ഹര്‍ജികൾക്കൊപ്പം റിട്ട് ഹർജികളുമാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് പരിഗണിച്ചത്. 65 ഹര്‍ജികളാണ് കോടതിക്ക് മുന്നില്‍ വന്നത്. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിച്ചത്.

എൻഎസ്എസ്

എൻഎസ്എസ്സിന് വേണ്ടി അഡ്വ. കെ പരാശരനാണ് വാദിച്ചത്. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി അഡ്വ. കെ.പരാശരന്‍റെ വാദം.യുവതി പ്രവേശന വിധിയില്‍ പിഴവുകളുണ്ടെന്നും അനുച്ഛേദം 15ന്റെ അടിസ്ഥാനത്തില്‍ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നും പരാശരന്‍ വാദിച്ചു. എന്നാല്‍ മറ്റു കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ ഊന്നി വാദമുന്നയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

ഭരണഘടനയുടെ 25-ആം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തില്‍ ഊന്നിയായിരുന്നു അഡ്വ. പരാശരന്‍റെ വാദം. തൊട്ടുകൂടായ്മക്ക് യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടായ്മ കുറ്റമാണെന്നും എന്നാല്‍ എന്താണ് തൊട്ടുകൂടായ്മ എന്നു നിര്‍വചിക്കണമെന്നും മനുഷ്യനെന്ന പരിഗണന നല്‍കാതെ വരുമ്പോള്‍ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവല്‍ കേസില്‍ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരന്‍ ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും യാവോഹസാക്ഷികളുടെ കേസില്‍ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരന്‍ വാദിച്ചു. ഇതൊരു ഉഭയ കക്ഷി തര്‍ക്കം അല്ലെന്നും വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തന്ത്രി

പരാശരന്‍റെ വാദം പൂര്‍ത്തിയായതോടെ ശബരിമല തന്ത്രിക്കുവേണ്ടി വി വി ഗിരിയുടെ വാദം ആരംഭിച്ചു. തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയല്ല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നരിമാന്‍ തര്‍ക്കം ഉന്നയിച്ചെങ്കിലും പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്കെന്ന് ഗിരി. മതപരമായ കാര്യങ്ങളില്‍ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാര്‍ത്ഥിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന വിലക്ക് ക്ഷേത്രത്തില്‍ പാലിക്കപ്പെടുന്ന മതാചാരത്തിന്‍റെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം പറഞ്ഞു. പ്രാര്‍ഥിക്കാന്‍ എത്തുന്ന ആള്‍ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്നും വി.വി.ഗിരി കോടതിയില്‍ വ്യക്തമാക്കി. യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളില്‍ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങള്‍ വലിയ പ്രത്യാഖാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു.

പ്രയാര്‍ ഗോപാലകൃഷ്ണന്‍ (മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍)

ഗിരിയുടെ വാദം പൂര്‍ത്തിയായതോടെ പ്രയാര്‍ ഗോപാലകൃഷ്ണനു വേണ്ടി മനു അഭിഷേക് സിങ്‌വി ഹാജരായി. സിങ്‌വി ഹാജരാകുന്നതിനെ എതിര്‍ത്ത ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ദ്വിവേദി, സിങ്‌വി നേരത്തെ ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നുവെന്ന് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ ഹാജരാകുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനു വേണ്ടിയാണെന്ന് സിങ്‌വി അറിയിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നും പ്രത്യേക പ്രായക്കാര്‍ക്ക് മാത്രമാണ് പ്രവേശന വിലക്കെന്നും അതു പ്രതിഷ്ടയുടെ സ്വഭാവം കാരണമാണെന്നും സിങ്‌വി കോടതിയെ അറിയിച്ചു. മാത്രമല്ല പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്താല്‍ എല്ലാ വൈരുധ്യങ്ങളും പരിഹരിക്കപ്പെടുമെന്നും അതു കോടതി പരിഗണിച്ചില്ലെന്നും സിങ്‌വി കോടതിയില്‍ വ്യക്തമാക്കി. ജാതിയുടെ അടിസ്ഥാനത്തിലല്ല ഇവിടെ വിലക്കെന്നും പകരം പ്രതിഷ്ഠയുടെ സ്വാഭാവത്തിന് അനുസൃതമായാണെന്നും സിങ്‌വി വാദിച്ചു. പൗരാവകാശ നിയമം ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ക്കു അനുസൃതം ആകണമെന്നും സിങ്‌വി പറഞ്ഞു. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തെ പരിഗണിച്ചത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമെന്നും ഇന്ത്യയില്‍ നിരവധി ആചാരങ്ങള്‍ ഉണ്ട്. അതെല്ലാം ഭരണഘടന വെച്ചു അളക്കാന്‍ കഴിയില്ലെന്നും സിങ്‌വി കോടതിയെ അറിയിച്ചു.

ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം

ബ്രാഹ്മണ സഭ, ആചാര സംരക്ഷണ ഫോറം എന്നിവര്‍ക്കു വേണ്ടി വാദിക്കാനെത്തിയത് ശേഖര്‍ നാഫ്‌ടെ ആയിരുന്നു. തര്‍ക്കമില്ലാതെ നൂറ്റാണ്ടുകളായി ശബരിമലയില്‍ ഉണ്ടായിരുന്ന ആചാരമാണിതെന്നും അതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു. ദൈവം ഇല്ലെന്നു ചിലര്‍ പറയുമ്പോള്‍. മറ്റു ചിലര്‍ ഉണ്ടെന്നു പറയുന്നു. ആചാരം വേണോ വേണ്ടയോ എന്ന് ഒരു സമുദായം അല്ലെങ്കില്‍ വിഭാഗം തീരുമാനിക്കട്ടെ എന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണ്ടെന്നും നാഫ്‌ടെ വാദിച്ചു. കോടതിവിധിയില്‍ വിശ്വാസികള്‍ അസ്വസ്ഥരാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ട്രാവന്‍കൂര്‍ ഹിന്ദു റിലീജിയസ് നിയമ പുസ്തകത്തിന്റെ കോപ്പി ചോദിച്ചു.

മറ്റ് ഹര്‍ജിക്കാര്‍

ശേഖര്‍ നാഫ്‌ടെയുടെ വാദത്തിന് ശേഷം അഡ്വ. വെങ്കട് രമണിയാണ് വാദം തുടങ്ങിയത്. മറ്റ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അദ്ദേഹം ആചാരം എന്തെന്ന് കോടതി തീരുമാനിക്കരുതെന്ന് ആവശ്യപ്പെട്ടു.

അഡ്വ. വെങ്കട് രമണിയാണ് വാദം അവസാനിപ്പിച്ചതോടെ ഹര്‍ജിഭാഗത്തിനു വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കട രാമന്‍ വാദം ആരംഭിച്ചു. 1991ൽ കേരള ഹൈക്കോടതി വധി ആചാരം മതപരമായി അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ചോദ്യംചെയ്യപ്പെട്ടില്ലാത്തതിനാൽ അന്തിമവിധിയായി കരുതിപ്പോന്നു. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അന്ധവിശ്വാസമായി മാറാമെന്നും ഇത്തരം കാര്യങ്ങൾ യുക്തിക്ക് അനുസരിച്ച് ചിന്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസമെന്നത് വിശ്വാസമാണ്. അതു അനുവദിക്കാവുന്ന വിശ്വാസമാണോ അതോ അനുവദിക്കാനാകാത്ത വിശ്വാസമാണോ എന്നു വേർതിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശന വിലക്ക് അനിവാര്യമായ മത ആചാരമാണെന്നും എന്നാല്‍ അത് ലിംഗ വിവേചനം അല്ലെന്നും വെങ്കടരാമന്‍ പറഞ്ഞു. ക്ഷേത്രത്തില്‍ പോകാത്തവര്‍ എല്ലാം തൊട്ടുകൂടാത്തവര്‍ അല്ല. കേരളാ ഹൈക്കോടതി ഇപ്പോഴും ദേവ പ്രശ്നത്തിനു പ്രാധാന്യം നല്‍കിയാണ് ആചാരകാര്യങ്ങളില്‍ തീരുമാനം പറയുന്നതെന്നും ആചാരം മാറ്റുമ്പോള്‍ ദേവപ്രശ്‌നം നടത്തണമെന്നും വെങ്കടരാമന്‍ കോടതിയില്‍ വ്യക്തമാക്കി. കോടതി ഇടപെടല്‍ മതാചാരത്തെ ബാധിക്കുമെന്നും വെങ്കടരാമന്‍ സൂചിപ്പിച്ചു.

വിധി പുനഃപരിശോധിക്കണമെന്നും വിഷയം വിശാല ബെഞ്ചിനു വിടണമെന്നും അദ്ദേഹം വാദിച്ചു. ഷിരൂർ മഠം കേസിൽ ഏഴംഗ ബെഞ്ച് തീരുമാനിച്ചതുപോലെ ഇതും പരിഗണിക്കണം.

ദേവപ്രശ്നത്തിലും യുവതീപ്രവേശം അനുവദിക്കുന്നില്ലെന്നും മറ്റൊരു അഭിഭാഷകൻ പറഞ്ഞു. സ്ത്രീകളുടെ പ്രവേശനമല്ല നിരോധിച്ചത്. യുവതികളുടേതാണ്. കേരളത്തിലെ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്തു. അതാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി വരാൻ കാരണം. മതപരമായ ആചാരങ്ങൾ മാറ്റാൻ കോടതിക്ക് കഴിയില്ല. ഹിന്ദുമതം നിരവധിക്കാര്യങ്ങൾ അശുദ്ധമായി കാണുന്നു. ആർത്തവം അതിലൊന്നു മാത്രമാണെന്നും അഭിഭാഷകര്‍ വാദിച്ചു.

ഹർജിക്കാരിൽനിന്ന് രണ്ടു അഭിഭാഷകരെ കൂടി മാത്രമേ കേൾക്കുകയുള്ളൂവെന്നും വാദങ്ങൾ ആവർത്തിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയി വ്യക്തമാക്കി.

ഇതരമതസ്ഥർ അയ്യപ്പനെ ആരാധിക്കുന്നതുകൊണ്ട് അയ്യപ്പന്മാരെ പ്രത്യേകവിഭാഗമായി കാണാനാകില്ലെന്നു പറയുന്നത് ശരിയല്ലെന്നും ഇക്കാര്യവും പരിശോധിക്കണമെന്നും ബിജെപി നേതാവ് രാധാകൃഷ്ണ മേനോന് വേണ്ടി വാദിച്ച മോഹൻ പരാശരൻ പറഞ്ഞു.

ലിംഗം അടിസ്ഥാനമാക്കി ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇപ്പോഴുള്ള വിധി അവയേയും ബാധിക്കും. എന്നാൽ അവരെ കേൾക്കാൻ കോടതി തയാറായിട്ടില്ലെന്നും അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. അയ്യപ്പന് ഹിന്ദുക്കൾ മാത്രമല്ല വിശ്വാസികൾ എന്നും മറ്റ് മതങ്ങളിലും വിശ്വാസികളുണ്ടെന്നും പറഞ്ഞ് സൂഫിസവുമായി കോടതി കുട്ടിചേർത്തത് തെറ്റ്. രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഉഷ നന്ദിനിക്ക് വേണ്ടി ഗോപാൽ ശങ്കരനാരായണൻ ഹാജരായി. ശബരിമല വിധി രാജ്യത്തെ മറ്റ് ക്ഷേത്രങ്ങൾക്കും ബാധകമായേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ വാദിക്കാനുള്ള അവസരം സംബന്ധിച്ച് അഭിഭാഷകർ തമ്മിൽ തർക്കമുണ്ടായതോടെ ഇങ്ങനെ പെരുമാറിയാൽ വാദം നിർത്തേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തര്‍ക്കം അല്‍പം ശാന്തമായെങ്കിലും പന്തളം രാജകുടുംബത്തിന് വേണ്ടി സായ് ദീപക് വാദിക്കാനെത്തിയതോടെ അഭിഭാഷകർ വീണ്ടും ബഹളം വച്ചു. തര്‍ക്കം തുടര്‍ന്നാല്‍ കോടതിയലക്ഷ്യം ഫയൽ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് താക്കീത് ചെയ്തു. പിന്നീട് വാദിച്ചത് അയ്യപ്പ സേവ സമാജത്തിന് വേണ്ടി അഡ്വക്കേറ്റ് കൈലാസ് നാഥ് പിള്ളയായിരുന്നു. ബഹളം വീണ്ടും കൂടിയതോടെ, ചീഫ് ജസ്റ്റിസ് കേസ് ഫയലെടുത്ത് ഡെസ്ക്കിൽ അടിച്ചു.

പിന്നീട് വാദിച്ച വി.കെ ബിജു തന്ത്രിയുടെ സത്യവാങ്ങ്മൂലത്തിലുള്ള വസ്തുതകളെ കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വാദിച്ചു. മാത്യൂസ് നെടുമ്പാറയുടെ വാദമായിരുന്നു പിന്നീട്.

വാദം പറയാനില്ലെങ്കിൽ അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെങ്കിലും വാദം കേൾക്കാൻ സമയം നീട്ടി നല്‍കി. ഹര്‍ജിക്കാരുടെ വാദം അവസാനിപ്പിച്ച് ബാക്കിയുള്ള ഹര്‍ജിക്കാരോട് വാദം എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. അടുത്ത ഒന്നര മണിക്കൂര്‍ എതിര്‍ഭാഗത്തിന്‍റെ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

സര്‍ക്കാരിന് ജയ്ദീപ് ഗുപ്ത ഹാജരായി. വിധി പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സംസ്ഥാനസർക്കാർ കോടതിയില്‍ വാദിച്ചു. വാദം പരിഗണിച്ചില്ല എന്നത് പുനപരിശോധന ആവശ്യപ്പെടാനുള്ള കാരണമല്ലെന്നും സര്‍ക്കാര്‍ വാദിച്ചു. അയ്യപ്പ ഭക്തർ പ്രത്യേക വിഭാഗമല്ലെന്ന് വിധിയിലുണ്ടെന്നും ആചാരകാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവമുണ്ട് എന്നാല്‍ അതെല്ലാം പരിഗണിച്ച് പ്രത്യേക വിഭാഗം ആയി മാറ്റാനാവില്ലെന്നും വാദം.

 

യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോര്‍ഡ്

ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ഹാപ്പി ടു ബ്ലീഡ് സംഘടനയ്ക്കും വേണ്ടി ഇന്ദിര ജയ്‌സിങ് ഹാജരായി.

യുവതികള്‍ കയറിയതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മയ്ക്ക് സമാനമെന്ന് ഇന്ദിര ജയ്‌സിങ്