ശബരിമല കേസ് വിശാലബെഞ്ചിന് വിട്ടത് ശരിവെച്ച് സുപ്രീം കോടതി ; 17 ന് വാദം തുടങ്ങും

Jaihind News Bureau
Monday, February 10, 2020

Sabarimala-Supreme-Court

ശബരിമല യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശാലബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി. വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ വിശാല ബെഞ്ചിന് വാദം കേള്‍ക്കാമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇത് സംബന്ധിച്ച എതിർപ്പുകളെല്ലാം തള്ളി.

ഏഴ് പരിഗണനാ വിഷയങ്ങളായിരിക്കും വിശാലബെഞ്ച് പരിഗണിക്കുക. ഭരണഘടന പ്രകാരമുള്ള മത സ്വാതന്ത്ര്യത്തിന്‍റെ പരിധി എന്താണ് എന്നതായിരിക്കും ആദ്യ പരിഗണനാവിഷയം. രണ്ട് വിഭാഗമായാണ് കേസ് പരിഗണിക്കുക. ആരൊക്കെ മുഖ്യ വാദങ്ങൾ നടത്തുമെന്നത് സംബന്ധിച്ച് തീരുമാനിക്കണം. അടുത്ത തിങ്കളാഴ്ച മുതൽ വാദം തുടങ്ങുമെന്നും സുപ്രീം കോടതി അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ വാദം പൂർത്തിയാക്കും. ഇരു വിഭാഗത്തിന്‍റെയും വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ അഞ്ച് ദിവസം വീതം ആണ് അനുവദിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ഭരണഘടനയുടെ അനുഛേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്‍റെ പരിധി എന്താണ് ? മതസ്വാതന്ത്ര്യവും മതവിഭാഗങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യവും തമ്മിലുള്ള ഇടപെടൽ എന്താണ്? മതവിഭാഗങ്ങളുടെ അവകാശങ്ങൾ മൗലികാവകാശങ്ങൾക്ക് വിധേയമാണോ? മതത്തിന്‍റെ ആചാരത്തിൽ ധാർമ്മികത എന്താണ്? മതസ്വാതന്ത്ര്യത്തിന്‍റെ കാര്യങ്ങളിൽ ജുഡീഷ്യൽ അവലോകനത്തിന്‍റെ സാധ്യത എന്താണ്? ഭരണഘടനയുടെ ആർട്ടിക്കിൾ 25 (2) (ബി) പ്രകാരം ‘ഹിന്ദുക്കളുടെ ഒരു വിഭാഗം’ എന്നതിന്‍റെ അർത്ഥമെന്താണ്? ഒരു മതവിഭാഗത്തിൽ പെടാത്ത ഒരാൾക്ക് ആ ഗ്രൂപ്പിന്റെ രീതികളെ ചോദ്യം ചെയ്ത് ഒരു പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ കഴിയുമോ? എന്നിങ്ങനെഏഴ് ചോദ്യങ്ങളാണ് പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്. ഒമ്പതംഗ വിശാല ബെഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ശബരിമലയിലെ അന്തിമവിധി.