സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേട്; പ്രളയമോക്ഷം കാത്ത് പമ്പ

Jaihind Webdesk
Wednesday, November 21, 2018

Pamba-River-1

പ്രളയത്തെ തുടര്‍ന്ന് നാശം സംഭവിച്ച പമ്പയില്‍ അപകടകരമായവിധം കോണ്‍ക്രീറ്റ് പാളികളടക്കം തെളിഞ്ഞു നില്‍ക്കുകയാണ്. ഇവ നീക്കം ചെയ്യാനോ പമ്പാതീരത്ത് പടവുകളൊരുക്കാനോ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ഇനിയും തയാറായിട്ടില്ല.

ശബരിമല തീര്‍ഥാടനത്തില്‍ ഏറെ പ്രധാനമാണ് പമ്പാ സ്നാനം. പമ്പയില്‍ കുളിച്ചുതോര്‍ത്തിയാണ് അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തരുടെ മലകയറ്റത്തിന്‍റെ തുടക്കം. കഴിഞ്ഞ പ്രളയകാലത്ത് കരകവിഞ്ഞ പമ്പ കരകവിഞ്ഞ് പാഞ്ഞപ്പോള്‍ പമ്പാനദിക്കരയിലെ നിര്‍മാണങ്ങള്‍ പലതും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇവയൊക്കെ വീണ്ടെടുക്കാന്‍ ഇനിയും കാലംകുറച്ച് കാത്തിരിക്കേണ്ടിവരുമെങ്കിലും ഈ മണ്ഡലകാലത്ത് ഭക്തര്‍ക്കാവശ്യമായ ശൗചാലയങ്ങള്‍ ഒരുക്കുന്നതില്‍ പോലും സര്‍ക്കാരും ദേവസ്വംബോര്‍ഡും കാട്ടിയത് കടുത്ത വീഴ്ച. ഇതോടെ പമ്പാ നദിക്കരയാകെ ഇന്ന് മനുഷ്യവിസര്‍ജ്യത്താല്‍ മലിനപ്പെട്ടുകഴിഞ്ഞു. ഒലിച്ചുപോയ പാലങ്ങളുടെയും നിര്‍മിതികളുടെും ശേഷിപ്പുകളായ കോണ്‍ക്രീറ്റ് കഷണങ്ങള്‍ അപകടമുയര്‍ത്തി നില്‍ക്കുന്നു. ഇതിലൊക്കെ കടുത്ത പ്രതിഷേധത്തിലാണ് ഭക്തര്‍.

തീര്‍ഥാടനകാലത്തെ മുന്നൊരുക്കാം നടത്താന്‍ പ്രളയം കഴിഞ്ഞ് മാസങ്ങള്‍ ഉണ്ടായിരുന്നിട്ടും വശങ്ങളില്‍ പടവുകള്‍ പോലും നിര്‍മ്മിക്കാന്‍ അധികൃതര്‍ തയാറായില്ല. വശങ്ങളില്‍ അടുക്കിയ മണല്‍ച്ചാക്കുകള്‍ പലതും പൊളിഞ്ഞ് മണലുകള്‍ പുറത്താവുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ എല്ലാം ചെയ്തുവെന്ന സര്‍ക്കാരിന്‍റെ വീമ്പുപറച്ചിലിനെതിരായാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്.