വ്രതശുദ്ധിയുടെയും ശരണ മന്ത്രങ്ങളുടെയും നീണ്ട 41 ദിനങ്ങള്‍ കഴിയുന്നു. മണ്ഡലപൂജയ്ക്കായി ശബരിമല സന്നിധാനം ഒരുങ്ങി. ഡിസംബര്‍ 27ന് ഉച്ചയ്ക്ക് 12 മണിക്ക് തങ്ക അങ്കിചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും.
ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആചാരപൂര്‍വം കൊണ്ടുവരുന്ന തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്ക് തന്ത്രി കണ്ഠരര് രാജീവരര് മുഖ്യ കാര്‍മികത്വം വഹിക്കും. 451 പവന്‍ തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ട് ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട രഥഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പാ ഗണപതി ക്ഷേത്രത്തില്‍ എത്തിച്ചേരും. ഇവിടെ നിന്നും വൈകുന്നേരം 3 ന് സന്നിധാനത്തേക്ക് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ വെച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരപൂര്‍വമുള്ള സ്വീകരണം നല്‍കി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും. പിന്നീട് കൊടിമരച്ചുവട്ടില്‍ വെച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം വകുപ്പ്‌സെക്രട്ടറി, ദേവസ്വം കമ്മീഷണര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ച് ക്ഷേത്രതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലേക്ക് കൊണ്ടുപോയി നട അടയ്ക്കും.
തുടര്‍ന്ന് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. ദീപാരാധന തൊഴാന്‍ ശരണ മന്ത്രങ്ങളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ സന്നിധാനത്ത് എത്തിച്ചേരും. 26ന് വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിചേരുന്ന തങ്കയങ്കി ഘോഷയാത്രയുടെ ഭാഗമായി അന്നേദിവസം ഭക്തര്‍ക്കായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1 മണി മുതല്‍ വൈകുന്നേരം ദീപാരാധന കഴിയുന്നത് വരെ അയ്യപ്പ ഭക്തരെ ദര്‍ശനത്തിനായി തിരുമുറ്റത്തേക്ക് കടത്തിവിടുകയില്ല. 1 മണിക്ക് അടക്കുന്ന നട വൈകുന്നേരം 4 മണിക്കായിരിക്കും തുറക്കുക. തങ്കയങ്കി ഘോഷയാത്ര ശരംകുത്തിയില്‍നിന്ന് സ്വീകരിച്ച് ആനയിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നത് വരെ ശരംകുത്തിയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടില്ല. ഘോഷയാത്രയുടെ ഭാഗമായി കര്‍ശന സുരക്ഷ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ഈ സമയങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണമുണ്ടാകും.
27ന് പുലര്‍ച്ചെ 3 മണിക്ക് നട തുറന്ന് നിര്‍മാല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവ് പൂജകളും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മണ്ഡലപൂജകഴിഞ്ഞ് അടയ്ക്കുന്ന ക്ഷേത്രനട വൈകുന്നേരം 3 മണിക്ക് ദര്‍ശനത്തിനായി തുറക്കും. രാത്രി 9.30ന് അത്താഴപൂജ. രാത്രി 9.50 ന് ഹരിവരാസനംപാടി 10ന് ശ്രീകോവില്‍ നടയടക്കും. മണ്ഡല പൂജ കഴിയുന്നതു മുതൽ കെ എസ് ആർ ടി.സി നിലക്കലിലേയ്ക്കും എല്ലാ ദീർഘദൂര റൂട്ടുകളിലേക്കും സർവീസുകൾ നടത്തും. മകരവിളക്ക് പൂജകള്‍ക്കായി 30ന് വൈകിട്ട് 5 മണിക്ക് വീണ്ടും ക്ഷേത്രനട തുറക്കും.