ആലപ്പാട് സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധം; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി

Jaihind Webdesk
Tuesday, February 5, 2019

alappad-mining-area

ആലപ്പാട്ടെ അശാസ്ത്രീയമായ കരിമണൽ ഖനനം നിറുത്തി വയ്ക്കണമന്നാവാശ്യപ്പെട്ട് തദ്ദേശവാസികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങി പോയി. സർക്കാർ നിലപാടിന് എതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. സമരത്തെ നിസാരവൽക്കരിക്കാനുള്ള സർക്കാരിന്‍റെ സമീപനം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസാണ് വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത്. അലപ്പാട്ടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് പി.ടി തോമസ് ആവശ്യപെട്ടു. ഗൗരവമായ വിഷയമാണ് ഇതെന്നും ആലപ്പാട് പ്രദേശം നഷ്ടപെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരിമണൽ ഖനനത്തിന്‍റെ പേരിൽ കൊള്ളയാണ് നടക്കുന്നതെന്നും വസ്തുതകൾ മനസിലാക്കാതെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായ മന്ത്രി ആലപ്പാട് സന്ദർശിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

എന്നാൽ സമരത്തിന് പിന്നിൽ ബാഹ്യശക്തികളാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ ആരോപിച്ചു. ഖനനം നിറുത്തി വെച്ചാൽ മുന്ന് പൊതുമേഖല സ്ഥാപനങ്ങളെ അത് ബാധിക്കുമെന്നും ഖനനം സാമ്പത്തിക വളർച്ചയ്ക്ക് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

അതേ സമയം മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചുണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നിയമസഭ പരിസ്ഥിതി കമിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കുകയാണ് വേണ്ടത്. കരിമണൽ കടത്ത് തടയാൻ കഴിയാത്തത് സർക്കാരിന്‍റെ വീഴ്ചയാണ്. കാര്യങ്ങൾ ചെയ്യാതെ മന്ത്രി ജനങ്ങളെ കുറ്റപെടുത്തുകയാണ്. രാഷ്ട്രീയത്തിന് അതീതമായി സമരം ചെയ്യുന്നവരെ മന്ത്രി ആക്ഷേപിക്കുന്നു. 97 ദിവസമായി സമരം നടത്തുന്നവരോട് സർക്കാർ സ്വീകരിക്കുന്ന സമീപനം പ്രതിഷേധാർഹമാണ്. അശാസ്ത്രീയമായി ഖനനം പ്രദേശവാസികളുടെ നിലനിൽപ്പ് പോലും അപകടത്തിലാക്കിയിരിക്കുകയാണ്. സർക്കാരിന്‍റെ നിഷേധാത്മകമായ സമീപനത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തി പ്രതിപക്ഷ നേതാവ് വോക്കൗട്ട് പ്രഖാപിച്ചു.

പ്രതിപക്ഷ ഉപേനതാവ് എം.കെ മുനീർ, കെ.എം മാണി എം.എൽ.എ എന്നിവരും സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു.