ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം; പിന്നില്‍ ആര്‍.എസ്.എസ്

Jaihind Webdesk
Monday, November 19, 2018

Rajesh-RSS

പൊലീസ് നിയന്ത്രണങ്ങളെ തുടർന്ന് സന്നിധാനത്ത് ഇന്നലെ നടന്ന പ്രതിഷേധം മുൻകൂട്ടി ആസൂത്രണം ചെയ്തത്. ആർ.എസ്.എസും സംഘപരിവാർ സംഘടനകളുമായിരുന്നു ഇതിനു പിന്നിൽ. ആർ.എസ്.എസ് നേതാവ് രാജേഷ് ആർ ഗൗരീനന്ദനമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

പൊലീസിന്‍റെ കടുത്ത നിയന്ത്രണം മറികടന്ന് ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നിൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നു. അപ്രതീക്ഷിതമായായിരുന്നു പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. സന്നിധാനത്തെത്തിയ വിശ്വാസികളെ സംഘടിപ്പിച്ചതും ഇതിന് തുടക്കം കുറിച്ചതും ആർ.എസ്.എസ് – സംഘപരിവാർ ബന്ധമുള്ളവരുമായിരുന്നു. സന്നിധാനത്തെത്തുന്ന ഭക്തർക്ക് നെയ്യഭിഷേകം അടക്കമുള്ള ആചാരങ്ങൾക്ക് ഏര്‍പ്പെടുത്തിയ പൊലീസിന്‍റെ നിയന്ത്രണങ്ങളിലെ വിശ്വാസി സമൂഹത്തിനുള്ള അമർഷം മറയാക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാഷ്ട്രീയപ്രവർത്തനത്തിനല്ല, ഒരു ഭക്തനായാണ് ഇവിടെ എത്തിയതെന്നായിരുന്നു രാജേഷിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.

 

എന്നാൽ ശബരിമലയിലെ ആചാരസംരക്ഷണത്തെ മുൻനിർത്തിയുള്ള വിശ്വാസികളുടെ പ്രതിഷേധത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആർ.എസ്.എസ്- ബി.ജെ.പി നീക്കമാണ് ഇതിലൂടെ വ്യക്തമായത്. രാജേഷ് സംഘപരിവാർ നേതാവാണെന്ന് അന്വേഷണത്തിൽ ബോധ്യമായതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കമാരംഭിച്ചത്.

മണ്ഡലകാലത്ത് നടതുറന്നതിനു ശേഷം യുവതികളൊന്നും തന്നെ മലചവിട്ടാൻ പമ്പയിലോ നിലയ്ക്കലോ എത്തിയിരുന്നില്ല. ഇങ്ങനെ എത്താതിരിക്കുമ്പോൾ ഭക്തരുടെ ബുദ്ധിമുട്ടുകളുടെ മറവിൽ പ്രതിഷേധം സൃഷ്ടിച്ച് സംഘർഷമുണ്ടാക്കുകയും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന തന്ത്രമാണ് ആർ.എസ്.എസും ബി.ജെ.പിയും ഇപ്പോൾ സന്നിധാനത്ത് നടപ്പാക്കുന്നത്. ഇതിനു വേണ്ടി തന്നെയാണ് കേന്ദ്രമന്ത്രിമാരെയും ഇതര സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കളെയും ശബരിമലയിലേക്ക് ബി.ജെ.പി ഇന്നു മുതൽ എത്തിക്കുന്നതെന്നും സൂചനയുണ്ട്.