പ്രിയങ്കയെ ഇന്ത്യയിലെ ജനങ്ങളുടെ കൈയിലേൽപിക്കുന്നു, സുരക്ഷിതമായി കാക്കണം : റോബർട്ട് വദ്ര

Jaihind Webdesk
Monday, February 11, 2019

എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം പ്രിയങ്കാ ഗാന്ധിയുടെ ആദ്യ റോഡ് ഷോ ഉത്തര്‍പ്രദേശില്‍ പുരോഗമിയ്ക്കുമ്പോള്‍ ആശംസയും ഉത്കണ്ഠയും നിറഞ്ഞ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയുടേതാണ് വികാരനിർഭരമായ ആ പോസ്റ്റ്. ‘പ്രിയപ്പെട്ട പിയ്ക്ക് ആശംസകള്‍’ എന്ന് തുടങ്ങുന്ന പോസ്റ്റിൽ രാജ്യത്തെ സേവിക്കുക എന്നത് പ്രിയങ്കയുടെ കർത്തവ്യമാണെന്ന് തനിക്കറിയാമെന്നും അതിനാല്‍ തങ്ങള്‍ പ്രിയങ്കയെ ഇന്ത്യയിലെ ജനങ്ങളുടെ കൈയിലേൽപിക്കുകയാണെന്നും സുരക്ഷിതമായി കാക്കണമെന്നും റോബർട്ട് വദ്ര രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

വികാരഭരിതവും ഒരു കുടുംബത്തിന്‍റെ എല്ലാ കരുതലും ആശങ്കയും നിറഞ്ഞ ആ പോസ്റ്റ് ഇപ്രകാരം വായിക്കാം….

”എന്‍റെ എല്ലാ ആശംസകളും പി, ഉത്തർപ്രദേശിലേക്കുള്ള നിന്‍റെ യാത്രയ്ക്ക്, ജനങ്ങളെ സേവിക്കാനുള്ള യാത്രയ്ക്ക്. നീയെന്‍റെ ഏറ്റവും നല്ല സുഹൃത്താണ്, തികഞ്ഞ ഭാര്യയാണ്, എന്‍റെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയാണ്. കാപട്യം വഞ്ചനയും നിറഞ്ഞ ദുഷിച്ച  രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്.  പക്ഷേ, ഈ രാജ്യത്തെ ജനങ്ങളെ സേവിക്കുക  എന്നത് അവളുടെ ചുമതലയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഇപ്പോള്‍ അവളെ ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളുടെ കൈകളിലേൽപിക്കുകയാണ്. അവളെ സുരക്ഷിതയായി നോക്കണം.”