ശബരിമല വിഷയം: UDF എം.എല്‍.എമാരുടെ സത്യാഗ്രഹസമരം നാലാം ദിവസത്തിലേക്ക്

Wednesday, December 5, 2018

UDF-MLA's-Satyagraha

ശബരിമലയിലേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തുന്ന സത്യാഗ്രഹസമരം നാലാം ദിവസത്തില്‍. എം.എല്‍.എമാരായ വി.എസ്.ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുള്ള, ഡോ. എന്‍ ജയരാജ് എന്നിവരാണ് നിയമസഭാ കവാടത്തിനുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്നത്.

ശബരിമലയോട് സര്‍ക്കാരിന്‍റെ വിരുദ്ധ നിലപാടുകൊണ്ടാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്നും സമാധാനപരമായി ദര്‍ശനം നടത്തുന്ന തീര്‍ഥാടകരോടുള്ള വെല്ലുവിളിയാണ് ശബരിമലയില്‍ അനാവശ്യമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെന്നും എം.എല്‍.എമാര്‍ പറഞ്ഞു.

രാവിലെ മുതല്‍ തന്നെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണ-പ്രതിപക്ഷ എം.എല്‍.എ.മാരും നേതാക്കളും സത്യാഗ്രഹം അനുഷ്ഠിക്കുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചു. പ്രമുഖ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ എ.കെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, കെ.കെ ഷൈലജ, പി തിലോത്തമന്‍ എന്നിവരും  എം.കെ മുനീര്‍, എന്‍ വിജയന്‍പിള്ള, ഒ രാജഗോപാല്‍, പി.സി ജോര്‍ജ്, കെ.ബി ഗണേഷ് കുമാര്‍, എം.എം ഹസന്‍, തമ്പാനൂര്‍ രവി തുടങ്ങി നിരവധി നേതാക്കളും സമരം നടത്തുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചു.