തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കും: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, April 19, 2023

തിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയ ഉപസമിതിയുടെ പ്രഥമ യോഗം ചേർന്നു. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെയും സാന്നിധ്യത്തിൽ കെപിസിസി ആസ്ഥാനത്തായിരുന്നു യോഗം.  ഏപ്രില്‍ 25 മുതൽ തുടര്‍ച്ചയായി ഉപസമിതിയോഗം കൂടി ചര്‍ച്ചകള്‍ നടത്തി പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.

താഴേത്തട്ടിലുള്ള പ്രവര്‍ത്തനം വിലയിരുത്തിയാണ് ഉയര്‍ന്ന പദവികളിലേക്ക് പരിഗണിക്കുക. പാര്‍ട്ടി പ്രവര്‍ത്തത്തില്‍ അനുഭവപരിജ്ഞാനവും പ്രവര്‍ത്തന മികവും പാര്‍ട്ടിക്കൂറും ജനപിന്തുണയും ഉള്ളവരെയാണ് പുനഃസംഘടനയില്‍ പരിഗണിക്കുക. യുവാക്കള്‍, വനിതകള്‍, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പരമാവധി പ്രാതിനിധ്യം നല്‍കും. എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പരിഗണന ഉണ്ടാകും.

എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന സമരസംഘടനയായി കോണ്‍ഗ്രസിനെ രൂപപ്പെടുത്തുക എന്ന ലക്ഷ്യമാണ് കെപിസിസി നേതൃത്വത്തിനുള്ളത്. അതിനായി രൂപം കൊടുത്ത കാര്യപരിപാടികളും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹഭരണത്തിന് എതിരായ സമരപരമ്പരകളും ഫലവത്തായി നടപ്പാക്കും. കോണ്‍ഗ്രസിന്‍റെ കരുത്തുറ്റ ഘടകങ്ങളില്‍ ഒന്നായ സംസ്ഥാനം എന്ന നിലയില്‍ രാജ്യം മുഴുവന്‍ കേരളത്തിന്‍റെ ചലനങ്ങള്‍ വീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പുനഃസംഘടനയുടെ പ്രാധാന്യവും ഗൗരവവും എല്ലാവരും ഉള്‍ക്കൊണ്ടിട്ടുണ്ട്. എല്ലാതരത്തിലും ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറിയ അസ്വാരസ്യങ്ങളും അഭിപ്രായവ്യത്യാസങ്ങളും സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാട്ടണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാതല ഉപസമിതികള്‍ സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ചാണ് ജില്ലാ ബ്ലോക്ക് തല പുനഃസംഘടനാ പട്ടിക കെപിസിസിക്ക് ഉപസമിതി കൈമാറുന്നത്.

കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സി ജോസഫ്, ജോസഫ് വാഴക്കന്‍, അഡ്വ. കെ. ജയന്ത്, അഡ്വ. എം ലിജു എന്നിവര്‍ പങ്കെടുത്തു. ഉപസമിതി അംഗങ്ങളായ എ.പി അനില്‍കുമാര്‍ തിരഞ്ഞെടുപ്പ് ചുമതലയുമായി ബന്ധപ്പെട്ട് കര്‍ണാടകത്തിലും ടി സിദ്ധിഖ് ഉംറയ്ക്കായി വിദേശത്തും ആയതിനാല്‍ യോഗത്തില്‍ പങ്കെടുത്തില്ല.