നിപയില്‍ കോഴിക്കോടിന് ആശ്വാസം; തുടർച്ചയായ മൂന്നാം ദിവസവും പുതിയ കേസുകളില്ല

Jaihind Webdesk
Monday, September 18, 2023

 

കോഴിക്കോട്: സംസ്ഥാനത്തെ നിപ ഭീതി അകലുന്നു. കോഴിക്കോട് ജില്ലയിൽ ഇന്ന് പുറത്തു വന്ന 61 പേരുടെയും നിപ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അതേസമയം നിപ ബാധിച്ച് ആദ്യം മരണപ്പെട്ട വ്യക്തിക്ക് രോഗം ബാധിച്ചത് സമീപപ്രദേശത്തുനിന്നു തന്നെയാണെന്ന് മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങൾ വഴി തെളിഞ്ഞു.

നിപയിൽ കോഴിക്കോട് ജില്ലയ്ക്ക് ആശ്വാസം തരുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഹൈ റിസ്ക്ക് സമ്പർക്ക പട്ടിക്കയിലുള്ളവർ ഉൾപ്പെടുന്ന 61 പേരുടെയും നിപ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ആയാഞ്ചേരി സ്വദേശിയുടെയും ചെറുവണ്ണൂർ സ്വദേശിയുടെയും പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരും ഇതിൽ ഉണ്ട്. നിപ ബാധിച്ച് മരണപ്പെട്ട ആദ്യ വ്യക്തിയിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നതെന്നും രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്നുമാണ് പ്രാഥമിക നിഗമനം. ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തുന്നതിനു വേണ്ടി ജീനോമിക് സീക്വൻസിംഗ് നടത്തിയിട്ടുണ്ട്. ഇന്നോ നാളെയോ അതിന്‍റെ ഫലം അറിയാൻ സാധിക്കും.

അതേ സമയം ആദ്യം രോഗം ബാധിച്ച് മരണപ്പെട്ട മരുതോങ്കര സ്വദേശിക്ക് രോഗം ബാധിച്ചത് സമീപ പ്രദേശത്തുനിന്നു തന്നെയാണെന്ന് വ്യക്തമായി. പോലീസിന്‍റെ സഹായത്തോടെ അദ്ദേഹത്തിന്‍റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിലൂടെയാണ് ഇതു വ്യക്തമായത്. കണ്ടെയ്ൻമെന്‍റ് സോണിലെ നിയന്ത്രണങ്ങൾ വിലയിരുത്താൻ കോഴിക്കോട് കളക്ടറേറ്റിൽ നടത്തിയ യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, ജില്ലാ പോലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു.

അതേസമയം കേന്ദ്ര ഗവൺമെന്‍റിന്‍റെ മൃഗസംരക്ഷണ വിദഗ്ധ സംഘം ഇന്ന് കോഴിക്കോട് എത്തും. ഇന്നുമുതൽ സെപ്റ്റംബർ 20 വരെ ജില്ലയിൽ നിപ ബാധിത പ്രദേശങ്ങളിൽ വിശദമായ പഠനവും സാമ്പിൾ കളക്ഷനും നടത്തും. മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്‍റ് അനിമൽ സയൻസ് യൂണിവേഴ്സ്റ്റിയിൽ നിന്നുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരും.