പി.എസ്.സി യിൽ വീണ്ടും നിയമനത്തട്ടിപ്പിന് നീക്കം. ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് 34 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും 91 ഉദ്യോഗാർത്ഥികളെ മാത്രം ഉൾപ്പെടുത്തി സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. വ്യാവസായിക പരിശീലന വകുപ്പും കോടതിയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റാങ്ക് ലിസ്റ്റ് വിപുലീകരിക്കാൻ പി.എസ്.സി തയാറായില്ല. സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവിന്‍റെ അഞ്ചിരട്ടിയോളം പേരെ ലിസ്റ്റ് ചെയ്യാറുണ്ടെന്നിരിക്കെയാണ് പി.എസ്.സിയുടെ ദുരൂഹ നീക്കം. ഇഷ്ടക്കാർക്ക് നിയമനം നൽകാനാണ് പി.എസ്.സിയുടെ ഈ കള്ളക്കളിയെന്ന് ആക്ഷേപമുണ്ട്.
https://www.youtube.com/watch?v=SlqE68iNeyY
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ഫിറ്റർ തസ്തികയിലേക്ക് 2017 ലായിരുന്നു വിജ്ഞാപനം. 2018ൽ പരീക്ഷയും 2019 അവസാനത്തോടെ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. 34 ഒഴിവുകളിലേക്ക് 91 പേരെ മാത്രമാണ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. സാധരണ ഗതിയിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്‍റെ അഞ്ചിരട്ടിയോളം ഉദ്യോഗാർത്ഥികളെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ജൂനിയർ ഇൻസ്ട്രക്ടർ വിഭാഗത്തിൽ ഫിറ്റർ ഉൾപ്പെടെ ഒരേ യോഗ്യതയുള്ള 6 തസ്തികയിലേക്കാണ് പി.എസ്.സി ഒരേസമയം വിജ്ഞാപനമിറക്കിയത്.
ഉദ്യോഗാർത്ഥികൾ പലരും ഈ പരീക്ഷകൾ എഴുതുന്നതിലൂടെ ഒരു ഉദ്യോഗാർത്ഥി ഒന്നിലധികം റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. എല്ലാ ഒഴിവുകളിലും നിയമനം ഉറപ്പുവരുത്താൻ റാങ്ക് ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തണമെന്ന് വ്യാവസായിക പരിശീലന വകുപ്പ് 3 തവണ പി.എസ്.സിയോട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ട്രിബ്യൂണൽ കോടതിയും റാങ്ക് ലിസ്റ്റ് വിപുലീകരിക്കാൻ പി.എസ്.സിയോട് ആവശ്യപ്പെട്ടു. എന്നാൽ റാങ്ക് ലിസ്റ്റ് വിപുലീകരിക്കാൻ പി.എസ്.സി ഇതുവരെയും തയാറായിട്ടില്ല. ഈ തസ്തികകളിൽ വരും വർഷങ്ങളിൽ കൂടുതൽ ഒഴിവുകൾ ഉണ്ടാകാനിടയുണ്ട്. അതിനു മുമ്പ് ഈ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കും.
ഇതേ വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ ഇലക്ട്രീഷ്യൻ വിഭാഗത്തിൽ 24 ഒഴിവുകളിലേക്ക് 337 പേരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. ഇന്‍റർവ്യൂ പോസ്റ്റായതിനാലാണ് ഇത്രയും ആളുകളെ ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്നാണ് പി.എസ്.സി യുടെ മറുപടി. ഇതേ രീതിയിൽ നടക്കുന്ന ഫിറ്റർ തസ്തിക വിപുലീകരിക്കാത്തത് പി.എസ്.സി യിലെ ചില ഉന്നതരുടെ വ്യക്തിതാൽപര്യങ്ങൾ മൂലമാണെന്ന ആക്ഷേപവും ശക്തമാണ്. പിൻവാതിൽ നിയമനങ്ങൾക്കാണ് ഇത്തരം നടപടികൾ എന്ന സംശയവും ബലപ്പെടുന്നു.