രഞ്ജി ട്രോഫി സെമി: അസറുദ്ദീന്‍റെ സെഞ്ച്വറി മികവില്‍ കേരളം 400 കടന്നു

Jaihind News Bureau
Tuesday, February 18, 2025

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ കേരളം ശക്തമായ സ്‌കോറിലേക്ക് മുന്നേറുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 418/7 എന്ന കരുത്താർന്ന നിലയിലാണ്.

മധ്യനിര ബാറ്റർ മുഹമ്മദ് അസറുദ്ദീൻ (149*) മികച്ച ഇന്നിംഗ്‌സാണ് കളിച്ചത്. അസറുദ്ദീന് പുറമെ ക്യാപ്റ്റൻ സച്ചിൻ ബേബി (69), സൽമാൻ നിസാർ (52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഗുജറാത്ത് ബൗളർമാരിൽ അർസാൻ നാഗ്വസ്വാല മൂന്നുവിക്കറ്റ് വീഴ്ത്തി.

രണ്ടാം ദിനം കളി ആരംഭിക്കുമ്പോൾ 206/4 എന്ന നിലയിലായിരുന്നു കേരളം. അങ്കം ആരംഭിച്ച ഉടൻ തന്നെ ഗുജറാത്ത് കേരളത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഒരു റൺ പോലും കൂട്ടിച്ചേർക്കാതെ സച്ചിൻ ബേബി (69) പുറത്തായി. നാഗ്വസ്വാലയുടെ പന്തിൽ ആര്യ ദേശായിക്ക് ക്യാച്ച് നൽകി ക്യാപ്റ്റൻ മടങ്ങി. എന്നാൽ, തുടർച്ചയായ വിക്കറ്റുകൾക്ക് ശേഷം കേരളത്തെ കരകയറ്റിയത് അസറുദ്ദീൻ-സൽമാൻ നിസാർ കൂട്ടുകെട്ടായിരുന്നു. ഇരുവരും നിശ്ചയദാർഢ്യത്തോടെ കളിച്ചു, ടീമിനെ 300 റൺസ് കടത്തിക്കൊണ്ടുപോയി. 149 റൺസിന്‍റെ മികച്ച കൂട്ടുകെട്ടിനു ശേഷം, 52 റൺസെടുത്ത സൽമാൻ നിസാർ വൈശാൽ ജയ്‌സ്വാളിന്‍റെ പന്തിൽ എൽബിഡബ്ല്യൂ ആയി പുറത്തായി.

കേരളത്തിന്‍റെ ലക്ഷ്യം ഗുജറാത്തിനെ ഫോളോ ഓൺ സമ്മർദ്ദത്തിലാക്കുക എന്നതാണ്. ഒന്നാം ഇന്നിംഗ്‌സിൽ ലീഡ് നേടുന്ന ടീമിന് സമനിലയുണ്ടായാലും ഫൈനലിലേക്ക് പ്രവേശിക്കാനാകും എന്നത് കേരളത്തിന് ആകാംക്ഷയേകുന്നു.