വനിതാ മതില്‍: മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍

Jaihind Webdesk
Saturday, December 29, 2018

Ramesh-Chennithala

സർക്കാർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന്‍റെ ലക്ഷ്യമെന്തെന്നും ശബരിമല യുവതീ പ്രവേശനവുമായി ഇതിന് ബന്ധമുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. നിർബന്ധിത പണപ്പിരിവ് വിഷയത്തിൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാണോയെന്നും പ്രതിപക്ഷനേതാവ്. വനിതാ മതിൽ സംഘടിപ്പിക്കാൻ സർക്കാർ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നെന്ന പരാതികൾക്കിടെയിലാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവിന്‍റെ ചോദ്യങ്ങള്‍.

വനിതാ മതില്‍: മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിന്‍റെ പത്ത് ചോദ്യങ്ങള്‍

1. വനിതാ മതില്‍ എന്ത് ലക്ഷ്യത്തിലാണ് സംഘടിപ്പിക്കുന്നത്?

2. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെങ്കില്‍ പുരുഷന്മാരെ ഒഴിവാക്കിയതെന്തിന്?

3. ശബരിമലയിലെ യുവതീ പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ?

4. ശബരിമലയിലെ യുവതീ പ്രവേശന പ്രശ്‌നത്തിന്‍റെ പശ്ചാത്തലത്തിലാണ് വനിതകളുടെ മതിലെന്ന ആശയം ഉരുത്തിരുഞ്ഞു വന്നതെങ്കിലും സി.പി.എമ്മും സര്‍ക്കാരും അത് തുറന്ന് പറയാന്‍ മടിക്കുന്നത് എന്തുകൊണ്ട്?

5. ഏതാനും ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ചു കൂട്ടി നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വനിതകളുടെ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിലെ സാംഗത്യം എന്താണ്?

6. കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനത്തിന് അമൂല്യങ്ങളായ സംഭാവന നല്‍കിയ ന്യൂനപക്ഷ വിഭാഗങ്ങളെ പാടെ ഒഴിവാക്കി ഒരു വിഭാഗക്കാരെ മാത്രം ഉള്‍പ്പെടുത്തി നടത്തുന്ന ഈ മതില്‍ നിര്‍മാണം സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് വഴി വെക്കുകയില്ലേ?

7. ജനങ്ങളെ സാമുദായികമായി വേര്‍തിരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിപരിപാടിയായ വര്‍ഗസമരത്തിന് എതിരായ സ്വത്വരാഷ്ട്രീയ സിദ്ധാന്തത്തിന്‍റെ അംഗീകാരമല്ലേ?

8. വനിതാ മതിലിന് സര്‍ക്കാരിന്‍റെ ഒരു പൈസ ചിലവാക്കില്ലെന്ന് പുറത്ത് പറയുകയും സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന പരിപാടി തന്നെയാണെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തത് എന്തു കൊണ്ട്? ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതിനെപ്പറ്റി അന്വേഷിക്കാമോ?

9. ഔദ്യോഗിക മെഷീനറി ദുരുപയോഗപ്പെടുത്തുകയില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ തന്നെ വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികള്‍ കീഴ്ഉദ്യോഗസ്ഥകള്‍ക്ക് സര്‍ക്കുലര്‍ നല്‍കുന്നതും, ഭീഷണിപ്പെടുത്തുന്നതും കള്ളക്കളിയല്ലേ?

10. രാഷ്ട്രീയ ലാഭം കൊയ്യുന്നതിനുവേണ്ടി, കേരളത്തിന്‍റെ സാമൂഹ്യഘടനയെ തകര്‍ത്ത് സമൂഹത്തെ വര്‍ഗീയ വല്‍ക്കരിച്ച മുഖ്യമന്ത്രിയെന്ന് താങ്കളെക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുമെന്ന് താങ്കള്‍ എന്തുകൊണ്ട് മനസിലാക്കുന്നില്ല?