‘പൗരത്വം ചോദിക്കുന്നവരോട് ഇതേ മറുപടി തന്നെ പറഞ്ഞാല്‍ മതി ; പ്രധാനമന്ത്രിക്കുള്ള അതേ അവകാശമാണ് രാജ്യത്തെ 136 കോടി ജനങ്ങള്‍ക്കും’ : രമേശ് ചെന്നിത്തല

പൗരത്വം ചോദിക്കുന്നവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് നല്‍കിയ അതേ മറുപടി നല്‍കിയാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി ജന്മനാ ഇന്ത്യന്‍ പൗരനായതിനാല്‍ അദ്ദേഹത്തിന് പൗരത്വ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. അങ്ങനെയെങ്കില്‍ ഇതേ മറുപടി പറയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കും അവകാശമുണ്ടെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കുള്ള അതേ അവകാശം തന്നെയാണ് രാജ്യത്തെ 136 കോടി ജനങ്ങള്‍ക്കുമുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സുഭങ്കര്‍ സര്‍ക്കാര്‍ എന്നയാള്‍ 2020 ജനുവരി 17ന് വിവരാവകാശ രേഖപ്രകാരം പ്രധാനമന്ത്രിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ടതിനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ മറുപടി നല്‍കിയത്. 1955 ലെ പൗരത്വ നിയമത്തിലെ അനുഛേദം 3 പ്രകാരം പ്രധാനമന്ത്രി ജന്മനാ ഇന്ത്യന്‍ പൗരനാണെന്നും അതിനാല്‍  പൗരത്വ  സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നുമാണ് മറുപടി നല്‍കിയത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് :

‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ136 കോടി ജനങ്ങൾക്കും ഉള്ളത്.പൗരത്വം ചോദിച്ചു വരുന്നവർക്ക് മുന്നിൽ,പ്രധാന മന്ത്രിയുടെ ഓഫീസ് നൽകിയ അതേ ഉത്തരം നൽകിയാൽ മതി.

നരേന്ദ്രമോദി യുടെ പൗരത്വം ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ ഉത്തരം ഇതോടൊപ്പം ചേർക്കുന്നു. 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 3 പ്രകാരം അദ്ദേഹം ജന്മനാൽ ഇന്ത്യൻ പൗരനാണെന്നാണ് മറുപടി നൽകിയിരിക്കുന്നത് .’

Comments (0)
Add Comment