പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്ത്; കൊവിഡിനെതിരായ യുദ്ധത്തില്‍ ജീവിതം വഴി മുട്ടിപ്പോവുന്ന പാവങ്ങളെ മറക്കരുത്

Jaihind News Bureau
Monday, March 23, 2020

തിരുവനന്തപുരം:   കൊവിഡിനെതിരെ  പോരാടുന്നതിനായി കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍  സാധാരണക്കാരും സാധുക്കളും ഇടത്തരക്കാരും അസംഘടിത മേഖലയില്‍പ്പെട്ടവരുമായ  ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതം തന്നെ വഴി മുട്ടുന്ന അവസ്ഥാ വിശേഷം കാണാതിരിക്കരുതെന്ന് ഓര്‍മ്മപ്പെടുത്തുകയും അവരുടെ പരിരക്ഷയ്ക്ക് 9 ഇന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയതു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

വഴിയോരക്കച്ചവടക്കാര്‍, കൂലിവേലക്കാര്‍,  നിര്‍മാണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഓടിക്കുന്നവര്‍,   കര്‍ഷകത്തൊഴിലാളികള്‍, ദിവസക്കൂലിക്ക് ജോലിചെയ്യുന്നവര്‍  ഇവരുടെയെല്ലാം  തന്നെ ദൈനംദിന ജോലിയും വരുമാനവും ഇതോടെ ഇല്ലാതാകുകയാണ്.  സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികസ്ഥിയും ഈ  പ്രതിസന്ധിയോടെ പരുങ്ങലിലാകുന്ന സമയം കൂടിയാണിത്. അതിനും പരിഹാരമുണ്ടാകണം.

കടുത്ത നടപടികള്‍ കാരണം ജീവിത സന്ധാരണത്തിന് വഴി കാണാതെ പ്രതിസന്ധിയിലായിപ്പോകുന്ന പാവപ്പെട്ട ജനവിഭാഗത്തിന് മൂന്ന് മാസത്തേക്ക് സൗജന്യ ഭക്ഷണവും സാമ്പത്തിക സഹായവും നല്‍കുക, അസംഘടിത മേഖലയ്ക്കായി പ്രതേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുക,  സ്വയം ക്വാറന്‍റയിന്‍ ചെയ്യുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ ശമ്പളത്തോടു കൂടിയുള്ള അവധി പ്രഖ്യാപിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുക, കൊറോണയുടെ മറവില്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചു വിടാതിരിക്കാന്‍ നടപടി സ്വീകരിക്കുക, കൊറോണയ്ക്ക് എതിരെ പോരാടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ലോഭമായ സഹായം നല്‍കുക, ബി  പി  എല്‍ വിഭാഗത്തിലും  അധസ്ഥിത വിഭാഗങ്ങളിലും പെടുന്ന കുട്ടികളുടെ പഠന ഫീസ്  മൂന്ന് മാസത്തേക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍- എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  നിര്‍ദേശം നല്‍കുക, വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്ന് കൊവിഡ് 19  വ്യപനത്തിനെതിരായുള്ള  വിവിധ   പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കുക, സാനിറ്റൈസറുകള്‍ക്കും മാസ്‌ക്കുകള്‍ക്കും മറ്റും വലിയ ക്ഷാമം അനുഭവപ്പെടുന്നതിനാല്‍ അത് പരിഹരിക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും ഗുണമേന്‍മയുള്ള   ഇത്തരം  ഉപകരണങ്ങള്‍  വിതരണം ചെയ്യാനുള്ള ദൗത്യം സ്വകാര്യമേഖലയെക്കൂടി ഏല്‍പ്പിക്കുക, വെന്‍റിലേറ്ററുകള്‍, കിടക്കകള്‍, വിദഗ്ധരടങ്ങിയ മെഡിക്കല്‍ സംഘം, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ അടിയന്തിരാവിശ്യം വരും ദിവസങ്ങളില്‍ വന്‍ തോതില്‍  ഉണ്ടായേക്കാവുുന്നതിനാല്‍  അത് കൊണ്ട് സ്വാകാര്യ മേഖലയിലെ ആശുപത്രികളെക്കൂടി    വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളില്‍   വലിയ തോതില്‍ പങ്കാളികളാക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഈ മഹാമാരിയെ തടയാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  കേരളത്തിലെ ജനങ്ങളുടെ  എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്ന കത്തിന്‍റെ പൂര്‍ണ്ണരൂപം താഴെ.

സര്‍,

 ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡ്-19 ന്‍റെ ഭീഷണിയില്‍ നടുങ്ങി നില്‍ക്കുകയാണ്.  നമ്മുടെ രാജ്യത്തും ഈ വൈറസിന്‍റെ വ്യാപനം ലക്ഷണക്കണക്കിന് മനുഷ്യരുടെ  ജീവിതങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാമൂഹികമായ  അകലം പാലിക്കല്‍  ( social distancing)    വ്യക്തിജീവിതത്തിലെ ശുചിത്വം ( personeel hygene) എന്നിവയിലൂടെ മാത്രമെ  നമുക്ക് ഈ മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളു.  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാനും തങ്ങളുടെ ജോലികള്‍ അവിടെയിരുന്ന് നിര്‍വ്വഹിക്കാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മാത്രമല്ല  വിവിധ പരീക്ഷകള്‍ മാറ്റി വയ്കുകയും , കച്ചവട കേന്ദ്രങ്ങളും വ്യാപാരസ്ഥാപനങ്ങളും അടിച്ചിടുകയും ചെയ്തുവെന്ന് മാത്രമല്ല ഒട്ടുമിക്ക സംസ്ഥാനങ്ങളും  വൈറസിന്‍റെ സാമൂഹ്യ വ്യാപനം  തടയാനുള്ള ഉദ്യമത്തിന്‍റെ  ഭാഗമായി  പൂര്‍ണ്ണമായുള്ള അടച്ചിടലിലേക്ക് ( complete lockdown )  നീങ്ങിയിരിക്കുകയുമാണ്.

എന്നാല്‍  ഈ മുന്‍കരുതലുകളെല്ലാം  ഇന്ത്യന്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്‍റെ ദൈനം ദിന ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന  അവസ്ഥ സംജാതമാകുന്നതും നമ്മള്‍ കാണാതെ പോകരുത്. സമൂഹത്തിലെ അസംഘടിതരും, അധസ്ഥിതരുമായ വലിയൊരുജനവിഭാഗത്തിന് തങ്ങളുടെ  ദൈനം ദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ ഇത് മൂലം വന്ന് ചേരുകയാണ്. വഴിയോരക്കച്ചവടക്കാര്‍, കൂലിവേലക്കാര്‍,  നിര്‍മാണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഓടിക്കുന്നവര്‍,   കര്‍ഷകത്തൊഴിലാളികള്‍, ദിവസക്കൂലിക്ക് ജോലിചെയ്യുന്നവര്‍  ഇവരുടെയെല്ലാം  തന്നെ ദൈനംദിന ജോലിയും വരുമാനവും ഇതോടെ ഇല്ലാതാകും.  സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികസ്ഥി ഈ  പ്രതിസന്ധിയോടെ പരുങ്ങലിലാകുന്ന സമയം കൂടിയാണിത്.

രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി  ഈ മഹാമാരിക്കെതിരെ  ഒരെ മനസായി നിന്ന് പൊരുതുമ്പോള്‍   ജനങ്ങള്‍ക്ക് ഗുണകരമായി തീരുന്ന ചിലനിര്‍ദേശങ്ങള്‍ അങ്ങേക്ക് മുമ്പില്‍ വയ്കാന്‍ ഞാനാഗ്രഹിക്കുന്നു.

1. ഈ  വൈറസിന്‍റെ വ്യാപനത്തെത്തടയാന്‍  രാജ്യം എടുത്തിരിക്കുന്ന മുന്‍കരുതല്‍ മൂലം ഏറ്റവുമധികം പ്രതിന്ധിയിലാകുന്നത്  വഴിയോരക്കച്ചവടക്കാര്‍, കൂലിവേലക്കാര്‍,  നിര്‍മാണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഓടിക്കുന്നവര്‍,   കര്‍ഷകത്തൊഴിലാളികള്‍, ദിവസക്കൂലിക്ക് ജോലിചെയ്യുന്നവര്‍,മറ്റ് അസംഘടിത തൊഴിലാളികള്‍ എന്നിവരാണ്   നിത്യേന ലഭിക്കുന്ന കൂലികൊണ്ടാണ് ഇവര്‍ തങ്ങളുടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്.    തൊഴിലിന്റെയും തൊഴില്‍ ദിനങ്ങളുടെ നഷ്ടം ഇവരെ വലിയ  ദുരിതത്തിലേക്ക് നയിക്കും  എന്നത് കൊണ്ട് വരുന്ന മൂന്ന് മാസത്തേക്ക് ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്  തങ്ങളുടെ ഭക്ഷണത്തിനും , ആരോഗ്യ സംരക്ഷണത്തിനുമായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത്   സാമ്പത്തിക സഹായം  ലഭ്യമാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.  

2.  നോട്ടു നിരോധനം, ജി എസ് ടി, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ നമ്മുടെ  രാജ്യത്തെ ചെറുകിട ഇടത്തരം വ്യവസായമേഖലയുടെയും കാര്‍ഷിക മേഖലയുടെയും  നട്ടല്ലൊടിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ സഹായവും പിന്തുണയുമില്ലങ്കില്‍ ഈ മേഖലകളുടെ നിലനില്‍പ്പ് തന്നെ അസാധ്യമായിരിക്കുകയാണ്. അത്  കൊണ്ട് ഈ മേഖലകള്‍ക്കായി ഒരു  പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ഞാന്‍ അങ്ങയോടഭ്യര്‍ത്ഥിക്കുന്നു.

3.രാജ്യത്തെ നിരവധി കമ്പനികളിലെ  ജീവനക്കാര്‍  കൊറോണയുടെ ഭീതി മൂലം  സെല്‍ഫ്  കൈ്വാറന്റൈനിലാണ്.    അതില്‍   പല കമ്പനികളും  onsite  offshore  മോഡലില്‍     പ്രവര്‍ത്തിക്കുന്നുവയുമാണ്.   സെല്‍ഫ്  കൈ്വറന്റൈനില്‍ ഉള്ള ജീവനക്കാര്‍ക്ക്  അവരുടെ കൈ്വറന്റൈന്‍ കാലാവധിയായ രണ്ടാഴ്ച ശമ്പളത്തോട് കൂടെയുള്ള അവധിയായി പ്രഖ്യാപിക്കുന്ന  കമ്പനികള്‍ക്ക്  ആ വകയില്‍  നികുതി ഇളവ് ചെയ്ത് കൊടുക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഭ്യര്‍ത്ഥിക്കുന്നു.

4.കൊറോണ വ്യാപനത്തെത്തുടര്‍ന്നുള്ള മുന്‍ കരുതലുകള്‍ മൂലം  പ്രതിസന്ധിയിലായ മറ്റൊരു വിഭാഗമാണ് വിദ്യാര്‍ത്ഥികള്‍.  പരീക്ഷകള്‍   മാറ്റിവയ്കുകയും,  സ്‌കൂളുകളും കോളജകളും  അടയ്കുകയും ചെയ്തിരിക്കുകയാണ്.   എന്നാല്‍   സ്‌കൂളുകളും കോളജുകളും  അടിച്ചിടുന്ന കാലത്തും അവര്‍ പഠന ഫീസ് നല്‍കേണ്ടതായിട്ട് വരുന്നുണ്ട്.  പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇത് വളരെയേറെ  ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. അത് കൊണ്ട് ബി  പി  എല്‍ വിഭാഗത്തിലും  അധസ്ഥിത വിഭാഗങ്ങളിലും പെടുന്ന കുട്ടികളുടെ പഠന ഫീസ്  മൂന്ന് മാസത്തേക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍- എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  നിര്‍ദേശം നല്‍കണം.

5. കൊറോണ ഭിതി മൂലമുള്ള അന്തരീക്ഷം വ്യവസായിക നഷ്ടത്തിന് ഇടയാക്കുമെന്നത് കൊണ്ട് വിവധ കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറക്കാനുള്ള സാധ്യതയും മുന്നില്‍ കാണണം. വരുന്ന മൂന്ന് മാസത്തേക്ക് ജീവനക്കാരെ പിരിച്ചുവിടാന്‍ പാടില്ലന്ന നിര്‍ദേശം എല്ലാ മേഖലകളില്‍ പെട്ട   കമ്പനികള്‍ക്കും നല്‍കണം.

6.കൊറോണ വ്യാപനവും അതിനെതിരെയുള്ള മുന്‍ കരുതലുകളും  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്കുന്നത്. ഇത്  കേന്ദ്ര സര്‍ക്കാരിന്‍റെ  നിര്‍ലോഭമായ സാമ്പത്തിക സഹായം  സംസ്ഥാനങ്ങള്‍ക്ക്   നല്‍കണം. അതോടൊപ്പം  വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്ന് കോവിഡ് 19  വ്യപനത്തിനെതിരായുള്ള  വിവിധ   പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കുകയും വേണം.

7. വൈറസ് വ്യാപനം തടയാനുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ഗ്ളൗസുകള്‍ എന്നിവക്കൊക്കെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും പോലും ഇത് കിട്ടാതെ വരുന്ന സ്ഥിതി വിശേഷമാണുള്ളത്.  പല ആരോഗ്യ പ്രവര്‍ത്തകരും  സ്വന്തം ജീവന്‍ കൈയ്യില്‍ പിടിച്ചാണ് കൊറോണ വ്യാപനത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അത് കൊണ്ട് മികച്ച  ഗുണമേന്മയുള്ള   ഇത്തരം  ഉപകരണങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും  വിതരണം ചെയ്യാനുള്ള ദൗത്യം സ്വകാര്യമേഖലയെക്കൂടി ഏല്‍പ്പിക്കണം.

8. വെന്‍റിലേറ്ററുകള്‍, കിടക്കകള്‍, വിദഗ്ധരടങ്ങിയ മെഡിക്കല്‍ സംഘം, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുടെ അടിയന്തരാവശ്യം വരും ദിവസങ്ങളില്‍ ഉണ്ടായേക്കാം. അത് കൊണ്ട് സ്വകാര്യ മേഖലയിലെ ആശുപത്രികളെക്കൂടി വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങളില്‍ വലിയ തോതില്‍ പങ്കാളികളാക്കണം.

9 ഈ മഹാമാരിയെ തടയാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  കേരളത്തിലെ ജനങ്ങളുടെ  എല്ലാ പിന്തുണയും ഞാന്‍ അങ്ങേക്ക് വാഗ്ദാനം ചെയ്യുന്നു