ചികിത്സാ നിഷേധത്തെ തുടർന്ന് രോഗിമരിച്ച സംഭവം : മാപ്പർഹിക്കാത്ത കുറ്റമെന്ന് രമേശ് ചെന്നിത്തല; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി

Jaihind Webdesk
Thursday, June 6, 2019

Ramesh-Chennithala

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടുക്കി സ്വദേശിയായ ജേക്കബ് തോമസ് മരണമടഞ്ഞ സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിലാണ് ഡോക്ടർമാരുടെ അലംഭാവം വ്യക്തമാക്കിയിരിക്കുന്നത്.

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗി മരണത്തോട് മല്ലിട്ട് മണിക്കൂറുകളോളം ആംബുലൻസിൽ കഴിഞ്ഞിട്ടും ഡോക്‌ടർമാർ തിരിഞ്ഞു നോക്കിയില്ല. കേരളത്തിന്റെ ആരോഗ്യമേഖലയ്‌ക്കു തീരാകളങ്കമാണ് ഈ സംഭവമെന്ന് രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു.

കോട്ടയത്തെ രണ്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരും ഈ രോഗിയോട് സമാനനിലയിലാണ് പെരുമാറിയതെന്ന് രോഗിയുടെ മകൾ വിവിധ ദൃശ്യമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.വിലപ്പെട്ട മനുഷ്യജീവനെ നിസ്സാരവൽക്കരിച്ചു മരണത്തിലേക്ക് തള്ളിവിട്ടതിലൂടെ മാപ്പർഹിക്കാത്ത കുറ്റമാണ് ഡോക്ടർമാരുടെ ഭാഗത്ത് നിന്നും സംഭവിച്ചത്.ഈ സംഭവത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ ഉറപ്പ് വരുത്തണം.

കോട്ടയം മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഗുരുതരമായ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.അനധികൃത നിയമനം നേടിയ പബ്ലിക് റിലേഷൻ ഓഫീസർമാരാണ് മെഡിക്കൽ കോളേജിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. രോഗികളുടെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർ അനധികൃതമായി ഇടപെടൽ നടത്തുന്നതായും ആരോപണമുണ്ട്.ആശുപത്രി സൂപ്രണ്ടിനെ നോക്കുകുത്തിയാക്കി ആർ.എം.ഒ. പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായും പരാതിയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചികിത്സാ നിഷേധം ഉൾപ്പെടെയുള്ള സംഭവങ്ങൾ സംസ്ഥാനത്ത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടി സർക്കാർ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

teevandi enkile ennodu para