ശബരിമല: കോടതി തീരുമാനം സ്വാഗതാർഹം, സർക്കാർ പിടിവാശി ഉപേക്ഷിക്കണം; രമേശ് ചെന്നിത്തല

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സുപ്രീംകോടതിയുടെ തീരുമാനം ഭക്തജനങ്ങളുടെ വിജയമാണ്. ഇത് ഭക്തജനങ്ങള്‍ക്ക് പുതിയ പ്രത്യാശ നല്‍കുന്നു. രാഷ്ട്രീയ കക്ഷികളില്‍ കോണ്‍ഗ്രസ് മാത്രമാണ് റിവ്യൂ പെറ്റീഷന്‍ നല്‍കിയത്. കോണ്‍ഗ്രസിന്‍റെ പ്രയാര്‍ ഗോപാലകൃഷ്ണനാണ് റിവ്യൂ ഹര്‍ജി നല്‍കിയത്.  ബി.ജെ.പിയും മറ്റും റിവ്യൂ ഹര്‍ജി പോലും നല്‍കാതെ കള്ളക്കളി കളിക്കുകയായിരുന്നു.

വിധി സ്റ്റേ ചെയ്തിട്ടില്ലെന്നതിന്‍റെ സാങ്കേതികത്വത്തില്‍ സര്‍ക്കാര്‍ കടിച്ചു തൂങ്ങരുതെന്നും യുവതീപ്രവേശനം നടപ്പാക്കുമെന്ന പിടിവാശി മണ്ഡല-മകരവിളക്ക് കാലത്ത് ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഇനിയെങ്കിലും സര്‍ക്കാര്‍ ജനഹിതം മാനിച്ച് വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനുള്ള പക്വമായ നിലപാട് സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Ramesh Chennithalasupreme courtSabarimala
Comments (0)
Add Comment