‘ഇനിയും അവഗണിക്കരുത്, എന്‍ഡോസള്‍ഫാന്‍ ഇരകളെ’ – രമേശ് ചെന്നിത്തല

 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണിസമരം ചെയ്യുന്ന ദുരിതബാധിതരായ കുട്ടികളെയും രക്ഷിതാക്കളെയും പ്രതിപക്ഷനേതാവ് സന്ദര്‍ശിച്ചു.

ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം ബജറ്റ്  നിറയ്ക്കുമ്പോള്‍ കണ്ണീരോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണി സമരം ചെയ്യുന്ന ഇവര്‍ കഴിഞ്ഞ ബജറ്റിലെ വാഗ്ദാനലംഘനത്തിന്‍റെ നേര്‍ക്കാഴ്ച കൂടിയായി. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന് ഇരയായ കുട്ടികളും അവരുടെ രക്ഷിതാക്കളും നീതിക്കായി ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ നടത്തുന്ന സമരം ആരുടെയും മനസലിയിക്കും.

”കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഞങ്ങളീ വയ്യാത്ത കുഞ്ഞുങ്ങളേം കൊണ്ട് ഇവിടിരിക്കില്ലല്ലോ?  ഇന്ന് ധനമന്ത്രി തോമസ് ഐസക് പുതിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പട്ടിണി സമരം നടത്തുന്നവര്‍ ചോദിക്കുന്നു.

എൻഡോസൾഫാൻ പീഡിതരായ മുഴുവൻ ആളുകളെയും ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ദുരിതബാധിതരുടെ കടം പൂർണമായും എഴുതിത്തള്ളുക, പുനരധിവാസം ഉറപ്പാക്കുക, കെട്ടിക്കിടക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കുക തുടങ്ങി അനുഭാവപൂർവം പരിഗണിക്കേണ്ട ആവശ്യങ്ങൾ ഉയർത്തിയാണ് ഇവർ സമരം ചെയ്യുന്നത്. ജനകീയ സമരങ്ങളെ അടിച്ചമർത്തുകയോ മുഖം തിരിക്കുകയോ ചെയ്യുന്ന പതിവ് രീതി ഉപേക്ഷിച്ച് ഇവരെ ചർച്ചയ്ക്ക് വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കേരളത്തിന്‍റെ തീരാ വേദനയാണ് കാസർഗോഡ് ജില്ലയിലെ ഈ ദുരിതബാധിതർ. അവരുടെ കണ്ണീരൊപ്പാനുള്ള നടപടി സ്വീകരിക്കണം.  റോഡുവക്കിലിരുത്തി ഈ കുഞ്ഞുങ്ങളെ നരകിപ്പിക്കരുത്. സമരത്തിന് എല്ലാ പിന്തുണയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.  വിഷയം നിയമസഭയിൽ പ്രതിപക്ഷം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

 

Ramesh ChennithalaEndosulphankerala budget 2019
Comments (0)
Add Comment