‘ആത്മാർത്ഥതയില്ലാത്ത സർക്കാർ, ഗോപി രക്തസാക്ഷി’; ആത്മഹത്യ ചെയ്ത ഗോപിയുടെ ബന്ധുക്കളെ സന്ദർശിച്ച് രമേശ് ചെന്നിത്തല

Jaihind Webdesk
Monday, November 13, 2023

 

പത്തനംതിട്ട: ലൈഫ് ഭവന പദ്ധതിയുടെ പണം ലഭിക്കാതെ വീടുപണി മുടങ്ങിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഓമല്ലൂരിലെ ഗോപിയുടെ ബന്ധുക്കളെ കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല സന്ദർശിച്ചു. ഗോപിയുടെ കുടുംബാംഗങ്ങളെ രമേശ് ചെന്നിത്തല ആശ്വസിപ്പിച്ചു. കേരളത്തിലെ പല വീടുകളുടേയും സ്ഥിതി ഇതാണെന്നും സർക്കാരിന് ഒരു ആത്മാർത്ഥതയുമില്ലെന്നും ഗോപി അതിന്‍റെ രക്തസാക്ഷിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ഗോപിക്ക് വീടിനുള്ള പണം നൽകി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഹെഡ്കോയിൽ നിന്ന് വായ്പ അനുവദിക്കാനാണ് നീക്കം. ഇതിനായി ലൈഫ് മിഷൻ ഓമല്ലൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടു. ഗോപിയുടെ കുടുംബത്തിന് പണം നൽകുന്നതിനായി നീക്കം തുടങ്ങിയതിന് പിന്നാലെ ഓമല്ലൂർ പഞ്ചായത്ത് അടിയന്തര യോഗം ചേർന്നു. സർക്കാരിന്‍റെ ഉദാസീനതയിലും കെടുകാര്യസ്ഥതയിലും സർക്കാരിനെതിരെ മരണക്കുറിപ്പുകൾ എഴുതി ആത്മഹത്യകൾ പെരുകുമ്പോഴും കണ്ടില്ലെന്നു നടിച്ച് ധൂർത്ത് തുടരുന്ന സർക്കാരിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.