ബ്രൂവറി ഡിസ്റ്റലറി: മറ്റു മാര്‍ഗങ്ങള്‍ നിയമവിദഗ്ധരുമായി ആലോചിക്കും: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, November 7, 2018

തിരുവനന്തപുരം: ബ്രൂവറി ഡിസ്റ്റലറി അഴിമതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണനും എതിരെ കേസ് എടുത്ത് അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്ന തന്റെ ആവശ്യം ഗവര്‍ണ്ണര്‍ നിരസിച്ച പശ്ചാത്തലത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ് എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി മൂന്ന് ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റലറിക്കും അനുമതി നല്‍കാന്‍ സര്‍ക്കാര്‍ എടുത്ത തിരുമാനം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും സ്വകാര്യ മദ്യമുതലാളിമാരെ സഹായിക്കുന്നതിന് വേണ്ടി ഗുരുതരമായ അഴിമതിയാണ് കാണിച്ചത്.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെട്ടിലെ അഴിമതി നിരോധന നിയമം സെക്ഷന്‍ 15 പ്രകാരം അഴിമതി നടത്താനുള്ള ശ്രമവും അഴിമതിയായാണ് പരിഗണിക്കപ്പെടുന്നത്. ബ്രൂവറികള്‍ക്കും ഡിസ്റ്റലറിക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കുകയും, അന്വേഷണം വേണ്ടെന്ന നിലപാട് ഹൈക്കോടതി എടുക്കുകയും ചെയ്തത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും, എക്‌സൈസ് മന്ത്രിക്കും എതിരെയുള്ള അന്വേഷണത്തിന് അനുമതി നല്‍കാത്തത് എന്നാണ് ഗവര്‍ണ്ണര്‍ തന്നെ അറിയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വന്‍ അഴിമതി നടത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് മൂന്ന് ബ്രൂവറിക്കും ഒരു ഡിസ്റ്റലറിക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്ന് പ്രതിപക്ഷം രേഖകള്‍ സഹിതം സ്ഥാപിച്ചതാണ്. അങ്ങിനെ വരുമ്പോള്‍ കോടികളുടെ അഴിമതിക്കുള്ള നീക്കമാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നടത്തിയതെന്ന് വ്യക്തമാവുകയാണ്. അതു കൊണ്ട് തന്നെ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.[yop_poll id=2]