രാത്രി ഹർത്താല്‍; ബി.ജെ.പിയും ആര്‍.എസ്.എസും ജനങ്ങളോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, November 17, 2018

അര്‍ധരാത്രിയില്‍ ഹർത്താല്‍ പ്രഖ്യാപിച്ച് ജനജീവിതം ദുരിതത്തിലാക്കിയ സംഘപരിവാര്‍-ബി.ജെ.പി നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ശബരിമലയിൽ പോയത് തീർഥാടനത്തിനല്ല മറിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ആണെന്നും അപ്രതീക്ഷിത ഹർത്താലിലൂടെ ജനജീവിതം ദുസഹമാക്കിയതിന് ബി.ജെ.പിയും ആര്‍.എസ്.എസും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാത്രി ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ആര്‍.എസ്.എസും ബി.ജെ.പിയും ജനങ്ങളെ ബന്ദികളാക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് പോലീസ് രാജ് മാത്രമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അടിസ്ഥാന സൌകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. സാവകാശ ഹർജി നല്‍കാനുള്ള തീരുമാനം സർക്കാരിന് വൈകിവന്ന വിവേകമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.