കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 3, 2019

കേന്ദ്ര സംസ്ഥാന സർക്കാറുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയൻ സർക്കാർ പൂർണ്ണ പരാജയമായി മാറിയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

സമ്പൂർണ്ണ പരാജയമായി മാറിയ സർക്കാറാണ് കേരളം ഭരിക്കുന്നത്. സർവ്വ മേഖലയും അഴിമതിയിൽ മുങ്ങി കുളിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പോലും ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്നും ലക്ഷകണക്കിന് അഭ്യസ്ഥ വിദ്യരായ യുവാക്കളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി പി.എസ്.സി പരീക്ഷകൾ പോലും സർക്കാറും സിപിഎമ്മും ചേർന്ന് അട്ടിമറിച്ചെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പി.എസ്.സി ക്രമക്കേടിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി ആരോപണം നേരിടുന്ന കിഫ്ബി അക്കൗണ്ട് ഓഡിറ്റിന് വിധേയമാക്കാൻ സർക്കാർ തയ്യാറാകണമെന്നും എന്തിനാണ് ഓഡിറ്റിങ്ങിനെ സർക്കാർ ഭയക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

രാവിലെ കൊച്ചി മറൈൻ ഡ്രൈവിൽ ആരംഭിച്ച 24 മണിക്കൂർ രാപ്പകൽ സമരത്തിൽ എം.എൽ.എമാരായ വി.ഡി.സതീശൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, വി.പി.സജീന്ദ്രൻ, വി.കെ.ഇബ്രാഹിം കുഞ്ഞ്, ടി.എ അഹമ്മദ് കബീർ, അനൂപ് ജേക്കബ് ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് യു ഡി എഫ് നേതാക്കൾ സംസാരിച്ചു