‘പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകള്‍ വ്യാപം അഴിമതിക്ക് സമാനം; സി.ബി.ഐ അന്വേഷണം വേണം’: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, July 17, 2019

Ramesh-Cehnnithala

പി.എസ്.സി, യൂണിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുകൾ വ്യാപം അഴിമതിക്ക് സമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട പിണറായി വിജയൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

പി.എസ്.സിയുടെ വിശ്വാസ്യത പൂർണമായും നഷ്ടമായതായി രമേശ് ചെന്നിത്തല പറഞ്ഞു. സർവകലാശാല പരീക്ഷാ ക്രമക്കേടിന്‍റെ പുതിയ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പി.എസ്.സി ചെയർമാനെയും കേരള സർവകലാശാല വൈസ് ചാന്‍സിലറേയും അടിയന്തരമായി മാറ്റണം. പി.എസ്.സി, യൂണിവേഴ്സിറ്റി പരീക്ഷാ ക്രമക്കേടുകള്‍ സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശബരിമലയിലെ വിവരങ്ങള്‍ ആര്‍.എസ്.എസുകാർക്ക് പൊലീസുദ്യോഗസ്ഥർ ചോർത്തിനല്‍കി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കഴിവുകേടിന്‍റെ തെളിവാണ്. അത്തരം പൊലീസുദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൊലീസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായിരിക്കുന്നു. മുഖ്യമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്ന സ്ഥിതിയാണുള്ളതെന്നും അതിനാല്‍ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. സര്‍ക്കാരിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

https://www.youtube.com/watch?v=dML9KsDNAfs