യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികള്‍ ഉള്‍പ്പെട്ട സര്‍വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് കേസ് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വിസമ്മതിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവി പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തെപോലും അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
കേസന്വേഷണം മറ്റ് എസ്.എഫ്.ഐ നേതാക്കളിലേക്കും സര്‍ക്കാരിന് താത്പര്യമുള്ള ജീവനക്കാരിലേക്കും നീങ്ങാനിടയുള്ളതിനാലാണ് മുഖ്യമന്ത്രി അന്വേഷണത്തെ തടസപ്പെടുത്തുന്നതെന്ന് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്കു നല്‍കിയ കത്തില്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി. തയാറാവുമ്പോള്‍ മുഖ്യമന്ത്രി അത് വേണ്ടെന്ന് പറയുന്നത് അത്ഭുതകരമാണ്. കേസന്വേഷണത്തിന്‍റെ ദിശയും രീതിയും എപ്രകാരമായിരിക്കണമെന്ന് ഒരു മുഖ്യമന്ത്രിതന്നെ തീരുമാനിക്കുന്നതും ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കുന്നതും ആദ്യമാണ്.
ഈ തട്ടിപ്പിന്‍റെ വ്യാപ്തി നോക്കുമ്പോള്‍ സി.ബി.ഐ.യെപ്പോലുള്ള ഒരു ഉന്നത ഏജന്‍സിയുടെ അന്വേഷണം കൊണ്ടു മാത്രമേ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാനാകൂ. സര്‍വകലാശാല ചോദ്യപേപ്പര്‍ മോഷണക്കേസിലെ പ്രതിയായ ശിവരഞ്ജിത്തിന് പി.എസ്.സി.യുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയതിലെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. എം.എ സെമസ്റ്റര്‍ പരീക്ഷകളില്‍ രണ്ടും നാലും മാര്‍ക്ക് മാത്രം കിട്ടിയ ഒരാള്‍ എങ്ങനെ പി.എസ്.സി.യുടെ പരീക്ഷയില്‍ ഒന്നാം റാങ്കു നേടി എന്നതിലെ ദുരൂഹത നീക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും സമഗ്രമായ ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാവുന്നില്ല. പി.എസ്.യുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിലൂടെ ഇതിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കഴിയുമോ എന്ന് സംശയമാണ്.
ലക്ഷക്കണക്കിന് യുവാക്കളുടെയും യുവതികളുടെയും ഭാവിയെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം തന്നെ വേണം. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളെ പി.എസ്.സിയെ തകര്‍ക്കാനുള്ള ശ്രമമായി ദുര്‍വ്യാഖ്യാനം ചെയ്ത് സമഗ്രമായ അന്വേഷണത്തെ അട്ടിമറിക്കാന്‍ പാടില്ല. ഡി.ജി.പി പ്രഖ്യാപിച്ചിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന കാര്യം മുഖ്യമന്ത്രി പൊതുസമൂഹത്തോട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.