ഗതാഗത നിയമലംഘനത്തിനുള്ള പിഴയിലെ വര്‍ധനവ് കേരളത്തില്‍ നടപ്പാക്കരുത് : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, September 8, 2019

Ramesh-Chennithala

കേന്ദ്ര സർക്കാർ മോട്ടോർ വാഹന നിയമ ലംഘനത്തിന് ഏർപ്പെടുത്തിയ പിഴയിലെ വർദ്ധന കേരളത്തിൽ നടപ്പിലാക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനങ്ങളുമായി ആലോചിക്കാതെ പിഴയിലെ വർധനവ് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചത് പ്രതിഷേധാർഹമാണ്. നിലവിലുള്ള നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനു പകരം വൻ തുക പിഴ ചുമത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികൾ പിൻവലിക്കുകയാണു വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ്. തകര്‍ന്ന് തരിപ്പണമായ റോഡുകളിലെ ഗതാഗതകുരുക്കില്‍ ആളുകള്‍ വലയുമ്പോഴാണ് വന്‍ പിഴയുമായി കേന്ദ്രസര്‍ക്കാര്‍ എത്തുന്നത്. ഭേദഗതി ചെയ്ത നിയമം ഒരു കരുണയുമില്ലാതെ കണ്ണുംപൂട്ടി നടപ്പിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ല. രാജസ്ഥാന്‍,  മധ്യപ്രദേശ്, ബംഗാള്‍, തമിഴ്‌നാട്  ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ പുതിയ ഭേദഗതി നടപ്പിലാക്കില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.