പരാജയങ്ങളിൽ നിന്നും പാഠം പഠിക്കാത്ത ജനവിരുദ്ധ സർക്കാരാണ് ഇടത് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി എസ് സി പോലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ക്രമക്കേട് നടക്കുന്നു. സ്പോട്ട് അഡ്മിഷനിൽ കൃത്രിമം കാണിക്കുന്നു. യൂണിവേഴ്സിറ്റി കോളേജിൽ അടക്കം ഇടിമുറികൾ ഉണ്ട്. അവിടെ എസ് എഫ് ഐ യോട് സഹകരിക്കാത്ത വിദ്യാർത്ഥികളെ കായികമായി നേരിടുന്നു. പ്രിൻസിപ്പൾമാരല്ല എസ് എഫ് ഐയുടെ ഗുണ്ടകളാണ് കോളേജുകൾ ഭരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. അഖിലിന്റെ രഹസ്യ മൊഴി രേഖപെടുത്താത്തത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി എസ് സി പോലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി എസ് സിയുടെ വിശ്വാസ്യത തകർക്കപ്പെട്ടു. പി എസ് സി പരീക്ഷ ക്രമക്കേട് സി ബി ഐ അന്വേഷിക്കണമെന്നും യൂണിവേഴ്സിറ്റി പരീക്ഷ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പഠിച്ചു പരീക്ഷ എഴുതി ജോലി കിട്ടാൻ കാത്തിരിക്കുന്ന വിദ്യാർത്ഥികളെ വിഡ്ഢികളാക്കുന്നു. ജലീൽ എന്ന നാണം കെട്ട മന്ത്രി എസ് എഫ് ഐയ്ക്ക് ഒത്താശ നൽകുന്നു. വിദ്യാർഥികളുടെ ശവദാഹം നടത്തണം എന്നാണോ ജലീൽ ഉദ്ദേശിക്കുന്നത്. എല്ലാം ഒറ്റപെട്ട സംഭവം ആക്കി മാറ്റുന്ന സർക്കാർ കേരളത്തിന് ശാപമാണ്. പിണറായി വിജയൻ രാജി വയ്ക്കണം. ഗവർണ്ണർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം.
സർക്കാരിൽ കേരള ജനതയ്ക്കു പ്രതീക്ഷയില്ല. ഇടത് സർക്കാർ വമ്പിച്ച നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. കൃത്രിമമായി വൈദ്യുതി ക്ഷാമം ഉണ്ടാക്കാനും സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാരുണ്യ പദ്ധതി അട്ടിമറിച്ച് അനിൽ അംബാനിക്ക് വേണ്ടി വാതിൽ തുറന്ന് കൊടുക്കുകയാണ് ഇടത് സർക്കാർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് എം.എൽ.എ മാര്‍ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതരമായ പ്രശ്നം കണ്ണിൽപെട്ടിട്ടും മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ചോദിച്ചു. എസ് എഫ് ഐ യുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ സാധിക്കുകയുള്ളു. കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കുമെന്ന് പറയുന്നെങ്കിലും ഒന്നും നടക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉച്ചയ്ക്ക് 2 മണിക്ക് യുഡിഎഫ് കക്ഷി നേതാക്കൾ യോഗം ചേരും.