ശബരിമലയെ കലാപഭൂമിയാക്കാന്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ വക സഹായം: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, November 6, 2018

ശബരിമലയെ കലാപ ഭൂമിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ശ്രമങ്ങളെ തടയാന്‍ ശ്രമിക്കാതെ അവര്‍ക്ക് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ നിയന്ത്രണം പൊലീസിന് തന്നെയെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും  പൊലീസിന് ഒരു നിയന്ത്രണവും ഇല്ലായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.

എല്ലാ സന്നാഹങ്ങളും ഒരുക്കുകയും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു എന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നെങ്കിലും പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഒത്താശ ചെയ്യേണ്ടിയും വന്നു.  ആര്‍.എസ്.എസും ബി.ജെ.പിയും സംഘപരിവാർ സംഘടനകളും ശബരിമലയെയും സന്നിധാനത്തെയും കയ്യടക്കുകയും അവിടത്തെ ശാന്തിയും സമാധാനവും ചവിട്ടി മെതിക്കുകയും ചെയ്തു. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എന്തും ചെയ്യാന്‍ കഴിയുന്ന അവസ്ഥയായിലേക്ക് സന്നിധാനം മാറി. ആര്‍.എസ്.എസ് നേതാവ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി ആചാരലംഘനം നടത്തുക പോലും ചെയ്തു. പതിനെട്ടാം പടിയിലേക്ക് ഓടിക്കയറി എന്ന് മാത്രമല്ല തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ കണ്ടത്. പരിപാവനമായ പതിനെട്ടാം പടിയെ ആര്‍.എസ്.എസുകാര്‍ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

50 വയസ് കഴിഞ്ഞ ഭക്തകളെ പോലും തടയുകയും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും  ചെയ്തു.  ഇരുമുടിക്കെട്ടില്ലെന്ന് പറഞ്ഞ് മറ്റ് ഭക്തരെയും ആക്രമിച്ചു. മാധ്യമ പ്രവര്‍ത്തകരെ പല തവണയാണ് ആക്രമിച്ചത്. അവരെ വളഞ്ഞ് വച്ച് ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നു. സന്നിധാനത്ത് ക്രിമിനലുകള്‍ കടന്നു കയറുകയും കൂട്ടം കൂടാനും തമ്പടിക്കാനും  അനുവദിക്കുകയില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നൂറുകണക്കിന് സംഘപരിവാറുകാര്‍ അവിടെ തമ്പടിച്ചു. സര്‍ക്കാര്‍ അവരെ തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

ആസൂത്രിതമായ അക്രമമാണ് ശബരിമലയില്‍ ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ ശക്തികള്‍ നടത്തിയത്. ഇതൊന്നും  തടയാന്‍ പൊലീസ് തയാറാകുന്നില്ല. വിശ്വാസികളുടെ വിശ്വാസം കാത്തു രക്ഷിക്കുകയല്ല, രാഷ്ട്രീയ മുതലെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള തന്നെ തുറന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നതാണ്. എന്നിട്ടും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും മുതലെടുപ്പ് തടയാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. ഇത് സി.പി.എം-ബി.ജെ.പി കള്ളക്കളി പുറത്തു കൊണ്ടുവരുന്നു. സി.പി.എമ്മും ബി.ജെ.പിയും ചേര്‍ന്ന് ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രശ്‌നം വഷളാക്കുന്നതിന് ആര്‍.എസ്.എസിനും ബി.ജെ.പിക്കും സര്‍ക്കാറും സി.പി.എമ്മും അവസരം ഒരുക്കി നല്‍കുകയായിരുന്നു. സര്‍ക്കാരും  സംഘപരിവാറും ചേര്‍ന്ന് ശബരിമലയുടെ പവിത്രതയെ തകര്‍ക്കുകയാണ്. ആചാരങ്ങള്‍ സംരക്ഷിക്കാനെന്ന് പറഞ്ഞ് അവ ലംഘിക്കുകയാണ് ചെയ്യുന്നത്. ഇനിയെങ്കിലും ശബരിമലയില്‍ സമാധാനം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.