മുഖ്യമന്ത്രിയും മന്ത്രി കെടി ജലീലിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളിൽ നിന്ന് കേരളത്തിന് എന്ത് നേട്ടം ഉണ്ടായിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ഓരോ വിദേശയാത്ര കഴിഞ്ഞ് വരുമ്പോൾ പത്രസമ്മേളനം നടത്തി വാചകക്കസർത്ത് മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ഇതിനുമുമ്പും മുഖ്യമന്ത്രി നടത്തിയ വിദേശ യാത്ര കൊണ്ട് സംസ്ഥാനത്തിന് നേട്ടം ലഭിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി നിരത്തുന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി നടത്തിയത് വെറും ഉല്ലാസയാത്ര ആണെന്നും ഇതുകൊണ്ട് സംസ്ഥാനത്തിന് യാതൊരുവിധ പ്രയോജനവും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാർക്ക് ദാനം വിവാദത്തിൽ കെ.ടി ജലീൽ ഉന്നയിച്ച വാദത്തിനുള്ള മറുപടിയും പ്രതിപക്ഷ നേതാവ് പറഞ്ഞു. താൻ ഉന്നയിച്ച ആരോപണം ശരിവെക്കുന്നതാണ് എന്ന് ഗവർണർ പോലും സമ്മതിച്ചു. അതുകൊണ്ട് കെ.ടി ജലീൽ ഗവർണറെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ഗവർണ്ണർ പോലും എംജി സർവകലാശാലയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന സമ്മതിക്കുന്ന സാഹചര്യത്തിൽ മന്ത്രി സ്ഥാനത്തുനിന്നും കെ.ടി ജലീൽ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാർക്ക് ദാനം സിൻഡിക്കേറ്റിന്റെ തലയിൽ കെട്ടി വെച്ച മന്ത്രി കെ.ടി ജലീൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തുകയാണെന്നുO സർവ്വകലാശാലയെ സംബന്ധിച്ച് ഈ ക്രമക്കേടുകൾ ഒരു കറുത്ത അദ്ധ്യായം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.