തിരുവനന്തപുരം : പൊലീസിന്‍റെ വെടിക്കോപ്പുകളും തോക്കും കാണാതായെന്ന സി.എ.ജി കണ്ടെത്തലിനെ തള്ളിയ ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുച്ഛത്തോടെ തള്ളുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പിണറായി വിജയന്‍ പറഞ്ഞതുപോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊലീസ് ഫണ്ട് വകമാറ്റി ഉന്നതഉദ്യോഗസ്ഥർക്ക് വില്ല നിർമിക്കുന്ന പ്രദേശം സന്ദര്‍ശിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.
എസ്.ഐമാര്‍ക്കും എ.എസ്.ഐമാർക്കും ക്വാർട്ടേഴ്സ് നിർമിക്കാന്‍ അലോട്ട് ചെയ്ത പണം വകമാറ്റി ചെലവഴിച്ച ഡി.ജി.പിയുടെ നടപടി ന്യായീകരിക്കാനാവാത്തതാണ്. ഇതെല്ലാം ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പൊതുജനങ്ങളെ വിഡ്ഡികളാക്കുന്ന സര്‍ക്കാരാണിത്. സി.എ.ജി റിപ്പോര്‍ട്ട് ചോർത്തിയെന്ന് പറയുന്നതിലൂടെ അഴിമതി കണ്ടെത്തിയവരെ കുറ്റക്കാരാക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണം ആഭ്യന്തര സെക്രട്ടറിയെ ഏല്‍പിച്ചത് കള്ളനെ കാവലേല്‍പിച്ചതിന് തുല്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെയും അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍, പി.ടി തോമസ് എം.എല്‍.എ, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവരും രമേശ് ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു.
https://www.facebook.com/JaihindNewsChannel/videos/567722620490837/