ശബരിമല യുവതീ പ്രവേശനം : സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ലജ്ജാകരം : രമേശ് ചെന്നിത്തല

webdesk
Friday, January 18, 2019

Ramesh-Chennithala-FB

അയ്യപ്പഭക്തരുടെ വികാരം വൃണപ്പെടുത്താനാണ് സര്‍ക്കാർ ആവര്‍ത്തിച്ചു ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീംകോടതിയില്‍ തെറ്റായ വിവരം പോലും നല്‍കി ശബരിമല വിഷയം ആളിക്കത്തിച്ച് സംഘര്‍ഷം നിലനിര്‍ത്താനുള്ള ഹീനശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യപരമായി തരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ല ഇതൊന്നുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുപ്രീംകോടതി വിധിക്ക് ശേഷം 50 വയസിന് താഴെയുള്ള 51 സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ലിസ്റ്റ് നല്‍കിയത്. പക്ഷേ ഈ സ്ത്രീകളെ മാദ്ധ്യമങ്ങള്‍ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്ക് അന്‍പത് വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്നാണ് തെളിഞ്ഞത്. ആ നിലക്ക് സുപ്രീംകോടതിയില്‍ എന്തിന് തെറ്റായ വിവരം നല്‍കി എന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണം. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിവരം നല്‍കുമ്പോള്‍ അത് പൂര്‍ണ്ണമായും സത്യസന്ധമാകേണ്ടതുണ്ട്. തെറ്റായ വിവരം സുപ്രീംകോടതിയ്ക്ക് നല്‍കുക വഴി അക്ഷന്തവ്യമായ തെറ്റാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തില്‍ തുടക്കം മുതലേ കള്ളക്കളിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും അതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോള്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം വഴി പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.