കിഫ്ബി വിവാദത്തിൽ ധനമന്ത്രിയുടെ വാദം തള്ളി രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, September 7, 2019

കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസകിന്‍റെ വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ അനുവാദം ഇല്ലാതെ തന്നെ സിഎ ജിക്ക് ഓഡിറ്റ് നടത്താം എന്ന വാദം തെറ്റാണ്. ഓഡിറ്റ് നടന്നാൽ നിക്ഷേപകരുടെ ആത്മവിശ്വാസം കുറയും എന്ന വാദം ബാലിശമാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തോമസ് ഐസകും സർക്കാരും ഉയർത്തുന്ന വാദങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്. കിഫ്ബിയിലെ തീർത്തും ദുരൂഹമായ ഇടപാടുകൾ സി എ ജി ഓഡിറ്റ് ചെയ്താൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഭയന്നാണ് ഓഡിറ്റ് നിഷേധിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

കിഫ്ബിയുടെ സമ്പൂർണ്ണ ഓഡിറ്റ് സി എ ജിക്ക് നിഷേധിച്ച സംസ്ഥാന സർക്കാർ നിലപാട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കും, സർക്കാരും ഉയർത്തുന്ന വാദങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്. കിഫ്ബിയിലെ തീർത്തും ദുരൂഹമായ ഇടപാടുകൾ സി എ ജി ഓഡിറ്റ് ചെയ്താൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതങ്ങൾ ഭയന്നാണ് സർക്കാർ സി പി സി നിയമത്തിലെ 20 (2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് നിഷേധിച്ചിരിക്കുന്നത്.

സി എ ജി നിയമം 1971 ലെ 20 (2) വകുപ്പ്  പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യുവാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15 നാണ് സി എ ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയത്.ഓഡിറ്റ് നിഷേധിച്ചു കൊണ്ട് സർക്കാർ നൽകിയ വിശദീകരണം ദുരൂഹവും വിചിത്രവുമാണ്.  കിഫ്ബി അക്കൗണ്ടുകളുടെ ഓഡിറ്റ് സി എ ജി നടത്തിയാൽ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന തീർത്തും വിചിത്രവും ബാലിശവുമായ വാദമാണ് സർക്കാർ ഉയർത്തിയത്.

ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാൽ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന വാദം ഉയർത്തിയത് നിങ്ങൾ കേട്ടിട്ടുണ്ടോ? ചിലപ്പോൾ സ്വിസ് ബാങ്ക് അങ്ങനെയായിരിക്കാം.

ഇനി ധനമന്ത്രി തോമസ് ഐസക്ക് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉയർത്തിയ വാദങ്ങളിലേക്ക് വരാം

ഡി.പി.സി. നിയമം 1971 ലെ 14(1) വകുപ്പ് പ്രകാരം കിഫ്ബിയുടെ എല്ലാ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്ക് പൂർണ്ണമായ അധികാരമുണ്ടെന്നും ഇതിന് ആരുടെയും അനുവാദം ആവിശ്യമില്ലെന്നുമാണ് തോമസ് ഐസക്ക് സെപ്തംബർ മൂന്നിന് നൽകിയ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്.

എന്നാൽ ഇത് ശരിയല്ല. പ്രസ്തുത വകുപ്പിൽ അതോറിറ്റിയുടെ നിയമാവലിയനുസരിച്ച് മാത്രമേ ഓഡിറ്റ് ചെയ്യാൻ സാധിക്കുകയുള്ളു എന്നാണ് പറഞ്ഞിരിക്കുന്നത്‌.

14(1) Where any body or authority is substantially financed by grants or loans from the Consolidated Fund of India or of any State or of any Union territory having a Legislative Assembly, the Comptroller and Auditor-General shall, subject to the provisions of any law for the time being in, force applicable to the body or authority, as the case may be, audit all receipts and expenditure of that body or authority and to report on the receipts and expenditure audited by him

National Dairy Development Boards Vrs. CAG of India കേസിൽ 14 (1) പ്രകാരമുള്ള സി എ ജിയുടെ അധികാരം സർക്കാരിന് നിയമം വഴി പരിമിതപ്പെടുത്താം എന്ന് ബഹുമാനപ്പെട്ട ഡൽഹി ഹൈക്കോടതി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

CAG’s power to audit under Section 14 (1) can be curtailed, conditional or even prohibited under any law applicable to the Body orAuthority.

എന്നാൽ സി എ ജി ആവശ്യപ്പെട്ട 20 (2) വകുപ്പ് പ്രകാരമുള്ള ഓഡിറ്റ് സർക്കാരിന്റെ നിയമാവലിക്ക് വിധേയമായിട്ടല്ല. സാധാരണ ഗതിയിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നൽകാത്ത സാഹചര്യത്തിലാണ് സി എ ജി 20 (2) പ്രകാരം ഓഡിറ്റ് അവശ്യപ്പെടാറുള്ളത്.

20 (2).CAG…. undertake the audit of accounts of any body or authority, the audit of the account of which has not been entrusted to him by law, if he is of opinion that such audit is necessary because a substantial amount has been invested in, or advanced to, such body or authority by the Central or State Government or by the

ധനമന്ത്രി തോമസ് ഐസക്ക് തന്‍റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റിൽ ഇത് വ്യക്തമാക്കുന്നുണ്ട്.

“പക്ഷെ, കിഫ്ബി നിയമത്തിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് അതായത് ബില്ലുകളും വൗച്ചറുകളുമടക്കം എല്ലാ രേഖകളും പരിശോധിച്ച് ബാലൻസ്ഷീറ്റും ലാഭനഷ്ട കണക്കും തയ്യാറാക്കുന്നതിനുള്ള ചുമതല C&AGയെ ഏൽപ്പിച്ചിട്ടില്ല. “

ഇനി ഐസക്കിന്റെ വാദം ശരിയാണങ്കിൽ 14 (1) പ്രകാരം സി എ ജിക്ക് എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്യാമെന്നിരിക്കെ അവർക്ക് 20 (2) പ്രകാരം സർക്കാർ തന്നെ സി എ ജിക്ക് അവകാശം നൽകാത്തത് എന്തുകൊണ്ടാണ്?

ഞാൻ മസാല ബോണ്ട് സംബന്ധിച്ച് ആശങ്ക അറിയിച്ചപ്പോൾ ” മത്തി കച്ചവടമല്ല ” ഇത് എന്നാണ് ഐസക്ക് പറഞ്ഞത്. മത്തികച്ചവടം സുതാര്യമാണ് , കിഫ്ബി കച്ചവടം സുതാര്യമല്ലാത്തത് കൊണ്ടായിരിക്കണം ധനമന്ത്രി അന്ന് അങ്ങിനെ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്.

#CAGShouldAuditKIIFB
#AllowCAGAuditOnKIIFB
#KIIFBisPublicMoney
#PeopleHaveRightToKnowKIIFB