കേരളത്തിൽ നിയമവാഴ്ച തകർന്ന അവസ്ഥയില്‍; പൊലീസിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല

Jaihind Webdesk
Friday, March 15, 2019

Ramesh-Chennithala-Jan-15

സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും നിത്യസംഭവങ്ങളായത് പൊലീസിന്‍റെ വീഴ്ചയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ നിയമവാഴ്ച തകർന്ന അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചക്കുളളിൽ യുവാക്കളെ അടിച്ചു കൊല്ലുകയും പെൺകുട്ടികളെ തീവച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. അക്രമ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. പൊലീസ് കൃത്യസമയത്ത് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഈ കൊലപാതകം തടയാൻ കഴിയുമായിരുന്നെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നഗര മദ്ധ്യത്തിൽ തന്നെ അക്രമി സംഘം ഒളിത്താവളം ഒരുക്കി ലഹരിസേവയും മറ്റു അത്രികമങ്ങളും നടത്തിയിട്ടും പൊലീസ് അറിയാതെ പോയി എന്നത് പൊലീസിന്‍റെ പൂർണ്ണമായ പരാജയമാണ് കാണിക്കുന്നത്.

പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയും നിർജീവമാക്കുകയും ചെയ്തതിന്റെ ഫലമാണ് അടിക്കടി ഇത്തരം ക്രൂര സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. ലഹരി കടത്ത് സംഘങ്ങളും ഗുണ്ടാ മാഫിയാ സംഘങ്ങളും എല്ലാ നിയന്ത്രണങ്ങളും വിട്ട് അഴിഞ്ഞാടുകയാണ്. ഇവരെ അമർച്ച ചെയ്യുന്നതിൽ പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.