മുഖ്യമന്ത്രി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ ഒറ്റുകൊടുത്തിരിക്കുകയാണ് : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, February 6, 2020

മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ ഒറ്റുകൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനതിരെയുള്ള പ്രക്ഷോഭത്തില്‍ മത തീവ്രവാദികള്‍ നുഴഞ്ഞ് കയറിയെന്ന അനാവശ്യ പ്രസ്താവനയാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അത് ഇന്ന് ലോക്‌സഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ നടത്തുന്ന സമരത്തെ നേരിടുന്നതിനുള്ള ആയുധമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യത്തിലും മുഖ്യമന്ത്രി ഇരട്ടനിലപാടാണ് സ്വീകരിക്കുന്നത്. പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കുകയും പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയുമാണ് ചെയ്യുന്നത്.

യു എ പി യുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്.പൗരത്വ ഭേദഗതിക്കെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രക്ഷോഭത്തെ തകര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആയുധം നല്‍കിയതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയാണോ ഇത് എന്നും അദ്ദേഹം ചോദിച്ചു.