ജനാധിപത്യ അവകാശങ്ങൾ മാനിക്കാതെ കേന്ദ്രം നടത്തുന്നത് ഭരണകൂട ഭീകരത : രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, December 21, 2019

പൗരത്വ നിയമത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കലക്ടറേറ്റ് ഉപരോധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കോൺഗ്രസ് പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതിപക്ഷ നേതാവിനെ അറസ്റ്റ് ചെയ്തത് പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിലേക്ക് വഴിവെച്ചു.

ജനാധിപത്യ അവകാശങ്ങൾ മാനിക്കാതെ കേന്ദ്രം നടത്തുന്നത് ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മതേതരത്വത്തെ പിച്ചിച്ചീന്തി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. അമിത് ഷായുടെ മുന്നിൽ പൗരത്വം തെളിയിക്കാൻ രേഖയുമായി പോവേണ്ടത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. എൻ പി ആർ നടപ്പിലാക്കുന്നത് സംസ്ഥാന സർക്കാർ റദ്ദാക്കിയത് താൻ പറഞ്ഞത് കൊണ്ടാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. പൗരത്വ നിയമത്തിനെതിരെ മലപ്പുറത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.