മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹകുറ്റം; കേസന്വേഷണം മരവിപ്പിച്ചത് ബിജെപിയുമായുള്ള ഒത്തുകളിയുടെ ഭാഗം : രമേശ് ചെന്നിത്തല

Jaihind News Bureau
Friday, March 5, 2021

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടേതായി ഹൈക്കോടതിയില്‍ കസ്റ്റംസ്‌ നല്‍കിയ സത്യവാങ്മൂലത്തിലൂടെ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹക്കുറ്റമാണെന്നും പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് കണ്ടപ്പോള്‍ കേസ് മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയത് ബിജെപിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും സ്പീക്കർ പി ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാർക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.  മൊഴി ലഭിച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ ഒരു നടപടിയും ഇതുവരെ സ്വീകരിക്കാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രി രാജവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് ഇത്തരം നടപടികളില്‍ മുഖ്യമന്ത്രി പങ്കാളി ആയതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നടന്നത്. ശിവശങ്കറായിരുന്നു സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

‘മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളത്. കോടതിയില്‍ തെളിവായി അംഗീകരിക്കുന്ന ഈ മൊഴി അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ട് രണ്ടു മാസത്തോളമായി. എന്തുകൊണ്ട് അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരായി ഒരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗൗരവമായ കാര്യമാണ്’

ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തുമെന്ന് കണ്ടപ്പോഴാണ് കേസ് മരവിപ്പിക്കുന്ന നിലയിലേക്ക് എത്തിയത്. ഇത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വേണം കാണാന്‍. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വന്നത്. അന്വേഷണം മുന്നോട്ട് നീങ്ങി അത് മുഖ്യമന്ത്രിയിലേക്ക് നീങ്ങുമെന്ന് കണ്ടപ്പോഴാണ് കേന്ദ്രഏജൻസികള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ആ കത്തയച്ച ശേഷം പിന്നീട് ഒരു അന്വേഷവും ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.