പത്രസമ്മേളനത്തിലെ വാചകം സംബന്ധിക്കുന്ന പ്രചരണം ശരിയല്ല; സർക്കാരിനെതിരായ വാർത്തകളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള കുതന്ത്രമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, September 8, 2020

 

തിരുവനന്തപുരം :  പത്രസമ്മേളനത്തിലെ ചില വാചകം സംബന്ധിക്കുന്ന പ്രചരണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിച്ച് തന്നെ പരിഹസിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവു എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന് താന്‍ മറുപടി നല്‍കി എന്ന തരത്തിലാണ് പ്രചാരണം. ഡി.വൈ.എഫ്.ഐക്കാര്‍ മാത്രമല്ല ഭരണപക്ഷ സര്‍വ്വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട്  എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ പറഞ്ഞത്. മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനം പാടില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘സി.പി.എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതുപോലെ എന്‍റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്‍റെ ഭാഗം മാത്രമാണ് ഇതും. കൊവിഡ് രോഗികളായ രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇത്. നിക്ഷിപ്ത താല്‍പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’- രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.