ബാബു ചാഴിക്കാടന്‍റെ ദീപ്തസ്മരണയിൽ രമേശ് ചെന്നിത്തല കോട്ടയം വാര്യാമുട്ടത്ത്

Jaihind Webdesk
Sunday, March 24, 2019

സഹപ്രവർത്തകനായിരുന്ന ബാബു ചാഴിക്കാടന്‍റെ ദീപ്തസ്മരണയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയം വാര്യാമുട്ടത്ത് എത്തി. രമേശ് ചെന്നിത്തല ഒപ്പമുണ്ടായിരുന്ന ഇലക്ഷൻ പ്രചരണത്തിനിടെ ഉണ്ടായ അപകടത്തിലാണ് ബാബു ചാഴിക്കാടനെ മരണം തട്ടിയെടുത്തത്. അദ്ദേഹത്തിന്‍റെ സഹോദരനായ തോമസ് ചാഴിക്കാടനാണ് ഇത്തവണത്തെ സ്ഥാനാർഥി എന്നതും പ്രത്യേകതയാണ്.

1991ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ബാബു ചാഴിക്കാടനായിരുന്നു ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി. പ്രചരണം തകൃതിയായി നടക്കുന്ന സമയം. തുറന്ന വാഹനത്തിൽ രമേശ് ചെന്നിത്തലയും ബാബു ചാഴികാടനും. ഇടിമിന്നലിന്‍റെ രൂപത്തിലായിരുന്നു അപകടം പതിയിരുന്നത്. മിന്നലേറ്റ ഇരുവരും ബോധരഹിതരായി താഴെ വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബാബു ചാഴിക്കാടനെ മരണം കീഴടക്കിയിരുന്നു. മയക്കത്തിൽ നിന്നുണർന്നപ്പോൾ രമേശ് ചെന്നിത്തലയും ആ സത്യം മനസിലാക്കി. സംഭവത്തിന്‍റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാബു ചാഴിക്കാടന്‍റെ സ്മൃതി മണ്ഡപത്തിലെത്തിയ രമേശ് ചെന്നിത്തല ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.

സ്ഥാനാർഥി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജോസ് കെ.മാണി തുടങ്ങിയവരും രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.

teevandi enkile ennodu para