വനിതാ മതിലിനെ പൊതു സമൂഹം തള്ളിക്കളഞ്ഞു: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, January 1, 2019

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും ദുരുപയോഗപ്പെടുത്തി സി.പി.എം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചരിത്രത്തിലുണ്ടാകാത്ത വിധം സര്‍ക്കാര്‍ ജീവനക്കാരെയും മറ്റും ഭീഷണിപ്പെടുത്തിയും നിര്‍ബന്ധിച്ചും മതിലില്‍ ആളെക്കൂട്ടാന്‍ സി.പി.എം കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്. എന്നിട്ടും പ്രചരിപ്പിച്ചത് പോലെ ആളെക്കൂട്ടാന്‍ കഴിഞ്ഞില്ല. നഗരപ്രദേശങ്ങളില്‍ മതിലിന് വാഹനങ്ങളില്‍ ആളെ എത്തിച്ചു എങ്കിലും ഗ്രാമപ്രദേശങ്ങളില്‍ പലയിടങ്ങളിലും ആളെ കിട്ടാതെ മതില്‍ പൊളിയുകയാണുണ്ടായത്.

മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലം മാറ്റുമെന്നും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരെ വ്യാപകമായി ഭീഷണിയുണ്ടായി. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വര്‍ക്കര്‍മാരെയും എല്ലാ മര്യാദകളും ലംഘിച്ചാണ് ഭീഷണിപ്പെടുത്തിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ വാഹനങ്ങളെല്ലാം മതിലിന് വേണ്ടി ഉപയോഗപ്പെടുത്തി. ഓദ്യോഗിക സംവിധാനം ഇത്രയേറെ ദുരുപയോഗപ്പെടുത്തിയ മറ്റൊരു അവസരം കേരളത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.